യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അവധിക്കാലം ചെലവഴിക്കാന്‍ വ്യത്യസ്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. സാധാരണ അവധിക്കാലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ കേരളമോ ഗോവയോ ആണ് മിക്ക ഇന്ത്യന്‍ യാത്രികരുടെയും മനസില്‍ വരിക.
എന്നാല്‍ പ്രശസ്ത ട്രാവല്‍ പ്ലാറ്റ്ഫോമായ ത്രിലോഫിലിയയുടെയുടെ 2025 ലെ റിപ്പോർട്ട് ഈ പതിവ് തെറ്റിക്കുകയാണ്. ത്രിലോഫിലിയയുടെ അവധിക്കാല ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ രാജസ്ഥാന്‍ ഗോവയെയും കേരളത്തെയും പിന്നിലാക്കി. ജയ്പൂർ-ഉദയ്‌പൂർ-ജയ്‌സാൽമീർ ത്രയമാണ് സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുന്നിൽ.
ആഭ്യന്തരവിനോദസഞ്ചാരികളില്‍ 16 ശതമാനവും രാജസ്ഥാനിലേക്കാണ് പോകുന്നതെന്നും ട്രാവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും. അതിനുശേഷമാണ് ഗോവയുടെയും കേരളത്തിന്‍റെയും സ്ഥാനം.
ഉല്‍സവാഘോഷങ്ങളുടെ സമയത്ത് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം 18 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശയാത്രാബുക്കിങ്ങുകള്‍ 24 ശതമാനം വർധിച്ചു. ചെലവുകുറഞ്ഞതും എന്നാല്‍ മികച്ച നിലവാരത്തിലുള്ളതുമായ 'സ്മാർട്ട് ലക്ഷ്വറി' യാത്രകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. നീണ്ട അവധികൾ എടുത്ത് യാത്ര ചെയ്യുന്നതിനേക്കാൾ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതൽ കാഴ്ചകൾ കാണാൻ സാധിക്കുന്ന സ്ഥലങ്ങളാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്.
പ്രധാന നഗരങ്ങളല്ലാതെ തിരക്കില്ലാത്തതും സമാധാനവുമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര യാത്രകളുടെ കാര്യത്തില്‍ ഏഷ്യ–പസഫിക് രാജ്യങ്ങളില്‍ പോകാനാണ് ആളുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. വിദേശ യാത്രാ ബുക്കിങ്ങുകളിൽ 70 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ്.
ദുബായ്, തായ്‌ലാൻഡ്, സിംഗപ്പുർ, വിയറ്റ്നാം, ബാലി എന്നിവയാണ് ഇന്ത്യക്കാര്‍ അവധി ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ. എളുപ്പം വീസ കിട്ടുന്നതും ആകർഷകമായ യാത്രാ പാക്കേജുകളുമാണ് ഇവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെത്താനുള്ള പ്രധാന കാരണം