aadhar-tatkal

ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റ് ലഭിക്കുന്നില്ല എന്നുള്ളത് വ്യാപകമായി ഉയര്‍ന്നുകേള്‍ക്കാറുള്ള പരാതിയാണ്. ഈ പരാതി പരിഹരിക്കാന്‍ തത്കാല്‍ ടിക്കറ്റ് എടുക്കുന്നത് ആധാറുമായി റെയില്‍വേ ബന്ധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025 ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാര്‍ ഓതന്‍റിക്കേഷന്‍ റെയിൽവേ മന്ത്രാലയം നിര്‍ബന്ധമാക്കുകയാണ്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനും ഇതിനകം ഐആര്‍ടിസി ആപ്പുകളില്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

എന്തിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്?

തത്കാല്‍ സംവിധാനത്തിന്‍റെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് 2025 ജൂൺ 10 ലെ സർക്കുലറിൽ റെയില്‍വേ പറയുന്നത്. ട്രാവല്‍ ഏജന്‍സികളും ചില സ്ഥാപനങ്ങളും കൂട്ടത്തോടെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാല്‍ അത്യാവശ്യക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.

2025 ജൂലൈ ഒന്നു മുതൽ തത്കാൽ ടിക്കറ്റുകൾ ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ബുക്ക് ചെയ്യാൻ കഴിയൂ. ഇതിന് പിന്നാലെ 2025 ജൂലൈ 15 മുതൽ തത്കാൽ ബുക്കിങുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിര്‍ബന്ധമാക്കും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ ലളിതമാക്കുന്നതിനും യാത്രക്കാർക്ക് സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുക എന്നതുമാണ് റെയില്‍വേയുടെ ലക്ഷ്യം.

എങ്ങനെ ആധാര്‍ ഓതന്‍റിക്കേറ്റ് ചെയ്യാം

  1. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  2. അക്കൗണ്ട് സന്ദര്‍ശിച്ച് ഓതന്‍റിക്കേറ്റ് യൂസര്‍ ക്ലിക്ക് ചെയ്യുക
  3. നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി നൽകുക
  4. വിശദാംശങ്ങൾ പരിശോധിച്ചശേഷം കണ്‍ഫോം ചെയ്യാം
  5. ശേഷം നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിച്ച ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നൽകുക
  6. കണ്‍ഫോം ചെയ്യുക

അക്കൗണ്ടിലെ ഓതന്‍റിക്കേറ്റ് യൂസറില്‍ സന്ദര്‍ശിച്ച് ഓതന്‍റിക്കേഷന്‍ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.

എങ്ങനെ IRCTC അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്യാം

  1. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  3. പ്രൊഫൈൽ ടാബിന് കീഴിലുള്ള ലിങ്ക് ആധാർ ക്ലിക്ക് ചെയ്യുക.
  4. ആധാർ കാർഡിലുള്ള നിങ്ങളുടെ പേര് നൽകി ആധാർ നമ്പർ നൽകുക.
  5. ബോക്സിൽ ചെക്ക് ചെയ്ത് 'സെന്‍റ് ഒടിപി' ക്ലിക്ക് ചെയ്യുക.
  6. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് അയച്ച ഒടിപി നൽകി ഒടിപി കണ്‍ഫോം ചെയ്യുക.
  7. ആധാറിൽ നിന്ന് കെവൈസി വിശദാംശങ്ങൾ ലഭിക്കും. ശേഷം 'അപ്ഡേറ്റ്' ക്ലിക്ക് ചെയ്യുക.

ഇതോടെ ആധാർ വെരിഫിക്കേഷനും കെ‌വൈ‌സി വിശദാംശങ്ങളുടെ അപ്‌ഡേറ്റും വെരിഫൈ ചെയ്തതായി പോപ്പ്-അപ്പ് സന്ദേശം ലഭിക്കും. ഓര്‍ക്കുക ആധാര്‍ ലിങ്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഈ നമ്പറിലേക്കായിരിക്കും ലിങ്ക് ചെയ്യുമ്പോളും തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളുമുള്ള ഒടിപികള്‍ ലഭിക്കുക. 

ENGLISH SUMMARY:

Starting July 1, 2025, Aadhaar authentication will be mandatory for booking Tatkal train tickets via IRCTC. This move aims to curb bulk bookings by travel agents and ensure fair access to Tatkal facilities for genuine passengers. Aadhaar-linked IRCTC accounts and OTP verification will be required. Learn how to authenticate and link your Aadhaar step-by-step for a seamless booking experience.