Image:facebook.com/AirIndia

ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ വടക്ക്, പടിഞ്ഞാറന്‍ മേഖലയിലായി വിമാനത്താവളങ്ങള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍. ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡിഗഡ് അടക്കം 16 ഓളം വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടങ്ങളിലേക്കുള്ള 200 വിമാന സര്‍വീസുകളും റദ്ദാക്കി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നി ആഭ്യന്തര വിമാന കമ്പനികള്‍ക്ക് പുറമെ വിവിധ വിദേശ വിമാന കമ്പനികളും സര്‍വീസ് റദ്ദാക്കി.

ലേ, തോയിസ്, ശ്രീനഗർ, ജമ്മു, അമൃത്‌സർ, പത്താൻകോട്ട്, ചണ്ഡീഗഡ്, ജോധ്പൂർ, ജയ്‌സാൽമീർ, ജാംനഗർ, ഭട്ടിൻഡ, ഭുജ്, ധരംശാല, ഷിംല, രാജ്‌കോട്ട്, പോർബന്തർ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. മേയ് 7 മുതല്‍ 10 വരെ യാത്ര് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ആഭ്യന്തര വിമാനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാരോട് ഇന്‍ഡിഗോ നിര്‍ദ്ദേശിച്ചു. 

ശ്രീനഗര്‍ ലെ, ജമ്മു, അമതൃസര്‍, ധരംശാല എന്നിവ അടച്ചതായി സ്പൈസ് ജെറ്റ് എക്സില്‍ കുറിച്ചു. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ബിക്കാനീരില്‍ നിന്നുള്ള ഇന്‍ഡിഗോ സര്‍വീസുകളെയും ബാധിച്ചു. 

ഇന്‍ഡിഗോ 165 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ 35 എണ്ണം ഡല്‍ഹിയില്‍ നിന്നുള്ളതാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 23 പുറപ്പെടലും ഡല്‍ഹിയിലേക്കുള്ള എട്ട് സര്‍വീസും റദ്ദക്കി. വിദേശ കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കി. 

ശ്രീനഗർ വിമാനത്താവളം അടച്ചതിനാല്‍ ശ്രീനഗറിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മേയ് 7 ന് ഉച്ചയ്ക്ക് 12 മണി വരെ എയർ ഇന്ത്യ റദ്ദാക്കി. 

ENGLISH SUMMARY:

Following Operation Sindoor, the Indian government temporarily shuts down 16 airports including Srinagar, Amritsar, and Chandigarh. Over 200 flights canceled by domestic and international airlines.