Image:facebook.com/AirIndia
രാജ്യാന്തര യാത്രകള്‍ക്കായി പാക്കിസ്ഥാന്‍റെ വ്യോമപാത ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കിയതോടെ എന്തെല്ലാം പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയെന്നോണമാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത്. യാത്രാസമയം വര്‍ധിക്കുന്നതിന് പുറമെ വിമാനയാത്രാനിരക്ക് കൂടുമെന്ന ആശങ്ക പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ അറബിക്കടലിന് മുകളിലൂടെ പറക്കേണ്ടതിനാല്‍ രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ അധികസമയം ചിലയിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വ്യക്തമാക്കിക്കഴിഞ്ഞു. 'പാക് വ്യോമപാത ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് വിലക്കിയതോടെ വടക്കേ അമേരിക്ക, യൂറോപ്പ്, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കായി പകരം പാത തിരഞ്ഞെടുക്കേണ്ടി വരികയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നതില്‍ ഖേദിക്കുന്നുവെന്നും പക്ഷേ സുരക്ഷിതമായ യാത്രയ്ക്കാണ് പ്രമുഖ്യമെന്നും എയര്‍ ഇന്ത്യ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായി പരമാവധി കൃത്യസമയത്ത് എത്തിക്കാന്‍ പരിശ്രമിക്കുമെന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം. ടിക്കറ്റുകളുടെ റീ–ബുക്കിങും റീഫണ്ടുമടക്കമുള്ള കാര്യങ്ങള്‍ യഥാസമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കമ്പനികള്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഓപറേഷനല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഇന്ധനച്ചെലവ് കൂടും, യാത്രാസമയവും
വടക്കേയിന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാനയാത്രകളെയാകും പ്രധാനമായും റൂട്ട് മാറ്റം ബാധിക്കുക. പ്രത്യേകിച്ചും ഡല്‍ഹി, ലക്നൗ, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളാണ് കൂടുതലായും പാക് വ്യോമപാത ഉപയോഗിച്ച് വന്നിരുന്നത്. ഇവര്‍ക്ക് ഇനി മുതല്‍ ഗുജറാത്തിന്‍റെയോ മഹാരാഷ്ട്രയുടെയോ ഭാഗത്തേക്ക് നീങ്ങി സഞ്ചരിക്കേണ്ടി വരും. ഇന്ധനച്ചിലവേറുമെന്നതിന് പുറമെ യാത്രാസമയവും വര്‍ധിക്കും. അതേസമയം മാറിയ സാഹചര്യമനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. 2019ലെ ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെയും സമാനമായി വ്യോമപാത അടച്ചതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 700 കോടി രൂപയുടെ അധികച്ചെലവാണ് ഇന്ധനത്തിനായി മാത്രം വേണ്ടി വന്നത്.
പ്രധാനമായും കസഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ഇറാന്‍, സൗദി, സിറിയ, ലബനോന്‍, ഇസ്രയേല്‍, ജോര്‍ദന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍ തുടങ്ങിയ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, വടക്കേ അമേരിക്ക, യു.കെ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാകും ബുദ്ധിമുട്ടുകള്‍ നേരിടുക.