അഭിനയത്തെക്കാളേറെ യാത്രയെ സ്നേഹിച്ച താരമാണ് പ്രണവ് മോഹന്‍ലാല്‍. പല ടൂറിസ്റ്റ് സ്ഥലത്തുവച്ചും താരത്തെ ആരാധകര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരത്തിന്‍റെ പുതിയ യാത്രയും യാത്രക്കുപയോഗിച്ച പുതിയ ബാഗുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഓരോ സിനിമയ്ക്കു ശേഷവും നീണ്ട അവധിയെടുത്ത് യാത്രകൾ പോകാറുള്ള പ്രണവിന്‍റെ ഇത്തവണത്തെ ലക്ഷ്യസ്ഥാനം ഹംപിയാണ്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ താൻ പോകുന്ന പ്രദേശങ്ങളിലെ മനോഹര കാഴ്ചകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അത്തരത്തില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹംപി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വലിയൊരു ബാക്ക് പാക്കുമായി ഒരു പാറക്കെട്ടിനു മുകളിൽ നിന്നും സൂര്യനെ നോക്കി നിൽക്കുന്നതാണ് ചിത്രം. ചിത്രത്തിലെ ബാഗാണ് ആരാധകര്‍ ഇത്തവണ ഉന്നം വച്ചിരിക്കുന്നത്. ഇത്രയും വലിയ ബാഗില്‍ എന്താണെന്നാണ് ആരാധകരുടെ സംശയം. മാത്രമല്ല, വീട്ടിലെ കട്ടിലും കൊണ്ടാണോ യാത്ര എന്നു ചോദിക്കുന്നവരും കുറവല്ല.
യഥാര്‍ഥത്തില്‍ മലകയറ്റത്തിന്‍റെ ‘ക്രാഷ് മാറ്റ്’ ബാഗാണിത്. റോക്ക് ക്ലൈമ്പിങ് ഒരു പാഷനായി കൊണ്ടുനടക്കുന്നയാളാണ് പ്രണവ്. ക്ലൈമ്പിങ് സമയത്ത് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ക്രാഷ് ബാഗാണ് ചിത്രത്തിലുള്ളത്. റോക്ക് ക്ലൈമ്പിങ് സമയത്ത് താഴെ വീഴുമ്പോള്‍ പരിക്ക് പറ്റാതിരിക്കാനുള്ള ക്രാഷ് പാഡുകളാണ് ഈ ബാഗിലുണ്ടാവുക. ഇത് താഴെ വിരിച്ച ശേഷമാണ് ക്ലൈമ്പിങ് ആരംഭിക്കുക.