കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ' ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണിത്. ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും.
ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി, ഈ സംവിധാനം ഏർപ്പെടുത്തിയത്. സിയാലിൽ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാം.
ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കന്റിൽ സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്നവിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.