നമ്മള് നിത്യ ജീവിതത്തില്‍ ആശ്രയിക്കുന്ന ഡെലിവറി ആപ്പാണ് ബ്ലിങ്കിറ്റ്. അവശ്യ സാധനങ്ങള്‍ അതിവേഗം ലഭിക്കാനായി ഉപയോഗിക്കുന്ന ആപ്പില്‍ ഡെലിവറി പാര്‍ട്ണറായി കൂടുതലും കാണാറുള്ളത് പുരുഷ്യന്മാരാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത് ബ്ലിങ്കിറ്റില്‍ ജോലി ചെയ്യുന്ന് ഒരു ലേഡി സ്റ്റാറാണ്. ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക അത്താണിയായി മാറിയ മുപ്പത്തിയേഴുകാരി. ഇന്ന് ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മൗമിത നാഥിന്റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്. ബംഗാളിലെ മൗമിത നാഥിന്റെ ജീവിതം, അതിജീവനത്തിന്റെ കഥയാണ്.
അപകടം മാറ്റിമറിച്ച ജീവിതം: 2023ൽ ട്രെയിൻ അപകടത്തിലാണ് മുപ്പത്തിയേഴുകാരി മൗമിതയ്ക്ക് ഭർത്താവിനെ നഷ്ടമായത്. അതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവരുടെ ചുമലിലായി. 20 വയസുള്ള മകളും പ്രായമായ ഭർതൃമാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് താങ്ങാകേണ്ട ഉത്തരവാദിത്തം മൗമിത കൂളായി ഏറ്റെടുത്തു.
ജോലികൾ മാറി, ഒടുവിൽ പുതിയൊരു വഴി: കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ജോലി തേടിയിറങ്ങിയ മൗമിത ആദ്യം ഡെന്റൽ ക്ലിനിക്കിലും പിന്നീട് ടെലി കോളിങ് കമ്പനിയിലും ജോലി ചെയ്തു. എന്നാൽ കുറഞ്ഞ ശമ്പളവും നീണ്ട ജോലി സമയവും യാത്രാക്ലേശവും കുടുംബത്തിനായി സമയം കണ്ടെത്തുന്നതിന് തടസ്സമായി. ഒടുവിൽ സ്വന്തം പ്രദേശത്തെ ബ്ലിങ്കിറ്റ് ഡാർക്ക് സ്റ്റോറിലെത്തി ഡെലിവറി പാർട്ണറായി ജോലി ചെയ്യാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു. കൂടുതൽ വരുമാനവും സമയക്രമത്തിൽ കുറച്ചുകൂടി സ്വാതന്ത്ര്യവും പ്രതീക്ഷിച്ചായിരുന്നു ആ തീരുമാനം.
അതിജീവനത്തിന്റെ പുതിയ യാത്ര: ഉച്ച മുതൽ വൈകുന്നേരം വരെയാണ് പ്രധാനമായും മൗമിത ഡെലിവറി ജോലികൾ ചെയ്യുന്നത്. അതിലൂടെ വരുമാനം കണ്ടെത്തുന്നതിനൊപ്പം മകൾക്കും പ്രായമായ ഭർതൃമാതാപിതാക്കൾക്കുമൊപ്പം സമയം ചെലവഴിക്കാനും കഴിയുന്നു. മകളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുക, സ്വന്തമായി ഒരു വീട് നിർമിക്കുക. ഇതാണ് ഇനി മൗമിതയുടെ മുന്നിലുള്ള രണ്ട് വലിയ സ്വപ്നങ്ങൾ.