തലമുറകളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ സാധാരണയായി കേൾക്കാറുള്ള രണ്ട് പേരുകളാണ്... മില്ലെനിയല്‍സും ജെന്‍ സിയും. എന്നാൽ ഇതിനിടയിൽപ്പെട്ട് പോയ ചിലരുണ്ട്. രണ്ട് തലമുറകളുടെയും സവിശേഷതകൾ ഒരേപോലെ പേറുന്ന മറ്റൊരു വിഭാഗം. അവരാണ് 'സില്ലെനിയല്സ്'. മില്ലെനിയല്‍സിന്റെ അവസാന വർഷങ്ങളിലും ജെന്‍ സിയുടെ തുടക്കവർഷങ്ങളിലുമായി ജനിച്ച ഇവരെ ഒരു 'മൈക്രോ-ജനറേഷൻ' എന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
സില്ലെനിയലുകളുടെ കൃത്യമായ പ്രായപരിധി ഔദ്യോഗികമായി നിർവ്വചിക്കപ്പെട്ടിട്ടില്ലെങ്കിലും, സാധാരണയായി 1993 മുതൽ 1998 വരെയുള്ള വർഷങ്ങളിൽ ജനിച്ചവരെയാണ് ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ചില പഠനങ്ങൾ പ്രകാരം ഈ വർഷ പരിധി കുറച്ചുകൂടി അങ്ങോട്ടോ ഇങ്ങോട്ടോ മാറാറുമുണ്ട്. അമേരിക്കയിൽ മാത്രം ഏകദേശം 3 കോടി മുതൽ 4.8 കോടി വരെ ആളുകൾ ഈ വിഭാഗത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബേബി ബൂമേര്സിന്റെയോ ജെന്‍ എക്സിന്റെയോ മക്കളാകും 'സില്ലെനിയല്സ്'.
പ്യൂ റിസർച്ച് സെന്ററിന്റെ അഭിപ്രായത്തിൽ, ഒരു തലമുറയ്ക്കുള്ളിലെ ആളുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും രണ്ട് തലമുറകൾ തമ്മിലുള്ള വ്യത്യാസത്തോളം വലുതാകാം. അതുകൊണ്ടുതന്നെ, മില്ലെനിയല്സില് ഏറ്റവും ഇളയവരും ജെന്‍ സിയിൽ ഏറ്റവും മൂത്തവരുമായ ആളുകൾക്ക് തങ്ങളുടെ തലമുറയേക്കാൾ കൂടുതൽ അടുപ്പം തൊട്ടടുത്ത തലമുറയോടായിരിക്കും തോന്നുക.
സില്ലെനിയലുകൾക്ക് രണ്ട് വിഭാഗങ്ങളുടെയും സ്വഭാവവിശേഷങ്ങളുണ്ട്. ചിലർ മില്ലെനിയല്‍സിന്റെ ശീലങ്ങളോട് കൂടുതൽ അടുപ്പം കാണിക്കുമ്പോൾ മറ്റു ചിലർ ജെന്‍ സിയുടെ ചിന്താഗതികളോട് ചേർന്നുനിൽക്കുന്നു. രണ്ട് തലമുറകളുടെയും അതിർത്തിയിൽ നിൽക്കുന്ന ഈ 'വ്യക്തതയില്ലാത്ത അവസ്ഥ' സില്ലെനിയലുകൾക്ക് തൊഴിലിടങ്ങളിൽ ചില ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ കൂടുതൽ പ്രൊഫഷണൽ പരിഗണന ലഭിക്കാൻ തങ്ങളെ മില്ലെനിയലായി കാണാനാണ് ചില സില്ലെനിയലുകൾ ഇഷ്ടപ്പെടുന്നത്. അതേസമയം, മറ്റു ചിലർ മില്ലെനിയൽ എന്ന ലേബൽ തങ്ങൾക്ക് 'കൂടുതൽ പ്രായം തോന്നിക്കുന്നത്' ആണെന്ന് കരുതുകയും ജെൻ സിയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
അതേസമയം 2024-ൽ യൂഗോവ്, അമേരിക്കയിലെ 13,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ രസകരമായ ചില വിവരങ്ങളാണ് പുറത്തുവന്നത്. അതായത് മില്ലെനിയലുകളിൽ 31% പേർ മാത്രമാണ് സ്വന്തം തലമുറയോട് പൂർണ്ണമായി ഐക്യപ്പെടുന്നത്. 19% പേർ ജെന്‍ സിയോട് കൂടുതൽ അടുപ്പം കാണിക്കുന്നു. ജെന്‍ സി വിഭാഗത്തിൽപ്പെട്ട 31% പേർ സ്വന്തം തലമുറയോട് ഒപ്പം നിൽക്കുമ്പോൾ 15% പേർ മില്ലെനിയലുകളോട് അടുപ്പം കാണിക്കുന്നു.
2010-ന് ശേഷമുണ്ടായ വേഗത്തിലുള്ള സാമൂഹിക-ജനസംഖ്യാ മാറ്റങ്ങൾ കാരണം മില്ലെനിയല്‍സിനും ജെന്‍ സിക്കുമിടയിൽ മറ്റൊരു മൈക്രോ-ജനറേഷൻ കൂടി രൂപപ്പെട്ടിരിക്കാമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.