TAGS

പീത്സയില്‍ പൈനാപ്പിൾ ചേർക്കാൻ ആവർത്തിച്ച് വിസമ്മതിച്ച ഹെഡ് ഷെഫിനെ പിരിച്ചുവിട്ടു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള ഇറ്റാലിയൻ ഷെഫായ ഡേവിഡ് താംബുറെല്ല ആണ് സംസ്കാരം മുറുകെ പിടിച്ച് ജോലി നഷ്ടമാക്കിയത്. പീത്സയില്‍ കൈതച്ചക്ക ചേര്‍ക്കുന്നത് തന്‍റെ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് ഷെഫ് ഓസ്‌ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്

ഫോർട്ടിറ്റ്യൂഡ് വാലിയിലെ 'ലാ കോസ്റ്റ റെസ്റ്റോറന്റ് ആൻഡ് ബാർ' എന്ന റെസ്റ്റോറന്‍റിലായിരുന്നു താംബുറെല്ല ജോലി ചെയ്തിരുന്നത്. ഒരു സ്വകാര്യ ചടങ്ങിന് വേണ്ടി ഹാമും പൈനാപ്പിളും ചേർത്ത  പീത്സകള്‍ തയ്യാറാക്കണമെന്ന മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  താംബുറെല്ല നിർദ്ദേശം നിരസിച്ചു. ഇറ്റാലിയന്‍ എന്ന നിലയ്ക്ക് തന്‍റെ സംസ്കാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് മേലുദ്യോഗസ്ഥനോട് പറഞ്ഞു. കൂടാതെ ഇറ്റലിക്കാർ എന്തുകൊണ്ട് ഈ രീതിയെ വെറുക്കുന്നതെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്‍റെ ബോസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം ആദ്യമായല്ല ഷെഫ് ഈ ആവശ്യം നിരാകരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൂന്ന് തവണ പീത്സയില്‍ കൈതച്ചക്ക വക്കാന്‍ ഷെഫ് വിസമ്മതിച്ചിരുന്നു. ഷെഫിനെ പിരിച്ചുവിട്ടതിനെ പറ്റി പലതരം ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കവേ വിശദീകരണവുമായി റെസ്റ്റോറന്‍റ് അധികൃതരും രംഗത്തെത്തി. ഷെഫിന്‍റെ മോശം പെരുമാറ്റം കാരണമാണ് പിരിച്ചുവിടൽ ഉണ്ടായതെന്ന് റെസ്റ്റോറന്റിന്റെ മാനേജിങ് ഡയറക്ടർ വ്യക്തമാക്കി. അസഭ്യം പറയുക, ദേഷ്യപ്പെട്ട് സംസാരിക്കുക, ദേഷ്യം വന്നാല്‍ മെറ്റൽ ഹാൻഡ്‌റെയിലിൽ അടിച്ച് കൈയ്ക്ക് പരിക്കേൽപ്പിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ ഷെഫിന് ഉണ്ടായിരുന്നു. 

പിരിച്ചുവിടലിനെതിരെ താംബുറെല്ല നല്‍കിയ  പരാതി തള്ളപ്പെട്ടിരുന്നു. നിയമപരമായ സമയപരിധി കഴിഞ്ഞ് ഒരു മാസത്തോളം വൈകിയാണ് അപേക്ഷ സമർപ്പിച്ചത് എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ഇപ്പോൾ ബ്രിസ്‌ബെയ്‌നിലെ മറ്റൊരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ്. അവിടുത്തെ മെനുവിൽ പൈനാപ്പിൾ പീത്സ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ENGLISH SUMMARY:

An Italian head chef in Brisbane, Australia, was dismissed after repeatedly refusing to prepare pineapple-topped pizzas, claiming it insulted his heritage. David Tamburrelly, who worked at La Costa Restaurant and Bar, rejected management's request to make ham and pineapple pizzas for a private event. While Tamburrelly filed an unfair dismissal claim with Australia's Fair Work Commission, the restaurant management stated that his termination was primarily due to repeated workplace misconduct and aggressive behavior. The commission ultimately dismissed his plea due to a delay in filing, and the chef has since taken up a position at another restaurant that notably excludes pineapple pizza from its menu.