നിറയെ വർണങ്ങൾ... പലതരം രൂപങ്ങൾ... ഓരോന്നിലും നിറയുന്നത് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കഥകൾ. നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി വീടുകളിലെ ബൊമ്മക്കൊലു ഒരുക്കങ്ങൾ. 

പല തട്ടുകളിലായി അണിനിരക്കുന്ന ദേവീദേവന്മാരുടെയും പുരാണകഥാപാത്രങ്ങളുടെയും രൂപങ്ങൾ. ഓരോ രൂപത്തിനും പറയാനുണ്ട് ഓരോ കഥ. കൊച്ചി പാലാരിവട്ടം സ്വദേശിയായ ഗീതയും മരുമകൾ രാജശ്രീയും പേരക്കുട്ടിയായ ദുർഗയും ചേർന്നാണ് ഈ വീടുമുഴുവൻ ബൊമ്മകളാൽ അലങ്കരിച്ചത്. പല ബൊമ്മകളും തലമുറകളായി കൈമാറി കിട്ടിയതാണ്. ദേവീദേവന്മാർക്ക്‌ ഒപ്പം മൃഗങ്ങളും പക്ഷികളുമെല്ലാം ഈ കാഴ്ചയുടെ ഭാഗമാകുന്നു.

വീടുകളിൽ പ്രത്യേക പടികൾ ഒരുക്കി അതിൽ ബൊമ്മകൾ നിരത്തിവെച്ചാണ് ആഘോഷം. ഓരോ വർഷവും പഴയ രൂപങ്ങൾക്കൊപ്പം പുതിയവയും ചേർക്കുന്നു. പുരാണകഥകൾക്കും ദേവീദേവന്മാരുടെ സങ്കൽപ്പങ്ങൾക്കും രൂപം നൽകുന്ന ഈ ഒരുക്കങ്ങൾ കരകൗശല മികവിന്റെ അടയാളം കൂടിയാണ്. വിശ്വാസത്തിനൊപ്പം കലയും സർഗാത്മകതയും ചേരുന്ന ബൊമ്മക്കൊലു നവരാത്രി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നു.

 

ENGLISH SUMMARY:

Navratri Bommalu arrangement brings vibrant traditional dolls and mythological stories to life in Kerala homes during the festive season. Families showcase their rich heritage and artistic creativity by displaying these sacred figurines on decorated steps.