രാജ്യത്തെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കുപ്പുകുത്തിയതോടെ, ചെറുപ്പക്കാർക്കിടയിൽ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയിരിക്കുകയാണ് സിംഗപ്പൂർ സർക്കാർ. 21 നും 35 നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കായി ഒരു പൈലറ്റ് മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമായ ഫസ്റ്റ്ഡേറ്റ് ആണ് നിലവിൽ സർക്കാർ ആരംഭിച്ചിട്ടുള്ളത്. സിംഗപ്പൂർ അതിന്‍റെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കം.
സിംഗപ്പൂർ പൗരന്മാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷത്തിൽ പങ്കാളികളെ കണ്ടെത്താൻ അവസരമൊരുക്കുന്ന ഈ സേവനം സാധരണ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ആളുകളുടെ താൽപ്പര്യങ്ങൾ, ജീവിതരീതികൾ, മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായി പറയുന്നു.
ഇതിനു പുറമെ, യുവാക്കളെ വിവാഹത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഭവന സബ്സിഡികൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, പെയിഡ് പേരന്റൽ ലീവുകൾ എന്നിവയും സിംഗപ്പൂർ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഡേറ്റിംഗ് സർവീസുകൾ മാത്രം സൗജന്യമായി നൽകിയതുകൊണ്ട് ചെറുപ്പക്കാരുടെ വിവാഹത്തോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി കാണേണ്ടത്. കാരണം, ദിവസേനയുള്ള ജോലിഭാരം, ഉയർന്ന ജീവിതച്ചിലവ് തുടങ്ങി മറ്റനേകം കാരണങ്ങളും വിവാഹവും കുട്ടികളും വേണ്ടെന്ന തീരുമാനത്തിന് പിന്നിലുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രയപ്പെടുന്നുണ്ട്.