തള്ളിയിട്ടാലും ഒരു കൂസലുമില്ലാതെ നിമിഷനേരം കൊണ്ട് വീണ്ടും നിവർന്ന് നിൽക്കും...! ഇത് വെറുമൊരു കളിപ്പാട്ടമല്ല. ജപ്പാൻകാരുടെ ജീവിതതത്ത്വം പറയുന്ന ഒരു അത്ഭുത പ്രതീകമാണ്. അതാണ് 'ദാരുമ ഡോൾ'.
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെൻ ബുദ്ധമത ഗുരുവായ ബോധിധർമന്‍റെ രൂപമാണ് ദാരുമ പാവയ്ക്ക് പ്രചോദനമായത്. ഐതിഹ്യമനുസരിച്ച്, ഒമ്പത് വർഷം തുടർച്ചയായി ധ്യാനത്തിലിരുന്നതിനാൽ അദ്ദേഹത്തിന്‍റെ കൈകാലുകൾ ക്ഷയിച്ചുപോയി. അതുകൊണ്ടാണ് കൈകാലുകളില്ലാത്ത രൂപത്തിലാണ് ദാരുമ പാവ രൂപകൽപന ചെയ്തിരിക്കുന്നത്.
ഈ പാവയുടെ അടിഭാഗത്ത് കൂടുതൽ ഭാരമുള്ളതിനാൽ എത്ര മറിച്ചിട്ടാലും അത് വീണ്ടും സ്വയം നിവർന്നുനിൽക്കും. അതുകൊണ്ടുതന്നെ ദാരുമ പാവ ജപ്പാനിലെ പ്രശസ്തമായ ഒരു സന്ദേശത്തിന്‍റെ പ്രതീകമാണ്...
"ഏഴ് തവണ വീണാലും എട്ടാം തവണ എഴുന്നേൽക്കുക."
ഈ പാവയുടെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്... വാങ്ങുമ്പോൾ ഇതിന് രണ്ട് കണ്ണുകളും ഉണ്ടാകില്ല. വാങ്ങുന്നവര്‍ ഒരു പുതിയ ലക്ഷ്യമോ ആഗ്രഹമോ മനസ്സിൽ കുറിക്കുമ്പോൾ ആദ്യം ഇടത് കണ്ണ് മാത്രം വരയ്ക്കും. തുടർന്ന് ആ ലക്ഷ്യം നേടാൻ ദിവസവും പരിശ്രമിക്കും. ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ വലത് കണ്ണും വരച്ച് ദാരുമ പാവയെ പൂർണമാക്കും. അത് വിജയത്തിന്‍റെയും നന്ദിയുടെയും പ്രതീകമാണ്.
ലക്ഷ്യം പൂർത്തിയായിക്കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞാൽ, ജപ്പാൻകാർ ഈ പാവകളെ ക്ഷേത്രങ്ങളിലെത്തിച്ച് 'ദാരുമ കുയോ' (Daruma Kuyo) എന്ന പരമ്പരാഗത ചടങ്ങിലൂടെ അഗ്നിക്കിരയാക്കി യാത്രയാക്കുന്നു.
ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ദാരുമ ഒരു അലങ്കാരവസ്തുവല്ല... വീണാലും വീണ്ടും എഴുന്നേൽക്കാൻ പഠിപ്പിക്കുന്ന ഒരു ജീവിതപാഠമാണ്. കാരണം... വിജയിക്കുന്നവർ ഒരിക്കലും വീഴാത്തവരല്ല, വീണിട്ടും വീണ്ടും എഴുന്നേൽക്കുന്നവരാണ്.