സിംഗിൾ ലൈഫാണോ? ഒന്ന് ഡേറ്റ് ചെയ്ത് നോക്കാം എന്ന് കരുതി ഡേറ്റിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? എന്നാൽ മനസ്സിലാകും, അധികം ഡേറ്റിങ് ആപ്പുകളും പുരുഷസൗഹൃദമല്ല. ആദ്യം ചാറ്റ് ചെയ്യാനും, തുടർന്ന് സ്വൈപ്പ് ചെയ്യാനും സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ പുരുഷന്മാർക്ക് ഇങ്ങനെയല്ല. ആപ്പുകൾ പല കാര്യങ്ങളിലും ഇതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, സ്ത്രീകൾക്ക് സൗജന്യമായി ലഭിക്കുന്ന ആപ്പിലെ സേവനങ്ങൾക്ക് പുരുഷന്മാർക്ക് പലപ്പോഴും പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരാറുണ്ട്. ഇതിൽ പുതിയ മാറ്റമൊരുക്കുകയാണ് ഡേറ്റിങ് ആപ്പായ ബംബിൾ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുരുഷന്മാർക്കും ഇനി ആദ്യം മെസ്സേജ് അയക്കാൻ (Make the first move) അനുവാദം നൽകുന്ന ചരിത്രപരമായ മാറ്റമാണ് ബംബിൾ വരുത്തിയിരിക്കുന്നത്. 2014-ൽ ആപ്പ് ആരംഭിച്ചത് മുതൽ, മാച്ച് ആയതിനുശേഷം സ്ത്രീകൾക്ക് മാത്രമേ ആദ്യം സന്ദേശം അയക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഒരു പതിറ്റാണ്ടിനുശേഷം ഈ പ്രധാന നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം, ഒരു മാച്ച് ഉണ്ടായിക്കഴിഞ്ഞാൽ സ്ത്രീകൾക്കോ പുരുഷന്മാർക്കോ ആർക്കും ആദ്യം സംഭാഷണം ആരംഭിക്കാവുന്നതാണ്.
മുൻപ് മാച്ച് ആയിക്കഴിഞ്ഞാൽ ആദ്യ സന്ദേശം അയക്കാൻ 24 മണിക്കൂർ മാത്രമാണ് സമയം ലഭിച്ചിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 72 മണിക്കൂറായി (3 ദിവസം) വർദ്ധിപ്പിച്ചിട്ടുണ്ട്. സന്ദേശം ലഭിക്കുന്നയാൾക്ക് മറുപടി നൽകാനും 72 മണിക്കൂർ സമയം ലഭിക്കും. മാച്ച് ആയതിനുശേഷം ഒരാൾക്ക് ആദ്യമായി ഒരു സന്ദേശം മാത്രമേ അയക്കാൻ സാധിക്കൂ. മറുവശത്തുള്ളയാൾ അതിന് മറുപടി നൽകിയാൽ മാത്രമേ ചാറ്റ് പൂർണ്ണമായി അൺലോക്ക് ആവുകയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യുകയുള്ളൂ.
ഇതുകൂടാതെ, ടെക്സ്റ്റിങ്ങിലുമുണ്ട് പുതിയ മാറ്റങ്ങൾ. വെറുതെ "Hi" അല്ലെങ്കിൽ "Hey" എന്ന് മാത്രം ടൈപ്പ് ചെയ്ത് അയക്കാൻ ശ്രമിച്ചാൽ, കൂടുതൽ അർത്ഥവത്തായ സന്ദേശങ്ങൾ അയക്കാൻ ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും. ആശയവിനിമയം കൂടുതൽ മികച്ചതാക്കാനാണ് ഈ രീതിയെന്ന് ആപ്പ് നിർമ്മാതാക്കൾ പറയുന്നു.
ബംബിൾ നടത്തിയ സർവേ പ്രകാരം 66% സ്ത്രീകളും പുരുഷന്മാർ ആദ്യം മെസ്സേജ് അയക്കുന്നതാണ് കൂടുതൽ താല്പര്യപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകൾക്ക് മാത്രം ആദ്യം സന്ദേശം അയക്കേണ്ടി വരുന്നത് ഒരു സമ്മർദ്ദമായി മാറുന്നു എന്ന ഫീഡ്ബാക്ക് അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സമീപകാലത്തായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കമ്പനിയുടെ വരുമാനത്തിലും ഉണ്ടായ ഇടിവ് പരിഹരിക്കാനും കൂടുതൽ യുവാക്കളെ ആകർഷിക്കാനും ഈ പരിഷ്കാരം ഉപകാരപ്രദമാകുമെന്ന് ബംബിൾ വൃത്തങ്ങൾ കരുതുന്നു.
എന്നാൽ, സ്ത്രീകളുടെ സുരക്ഷിതത്വത്തിനും താല്പര്യങ്ങൾക്കും മുൻഗണന നൽകി നിർമ്മിച്ച ആപ്പിന്‍റെ ഈ പുതിയ മാറ്റം, ബംബിളിനെ സാധാരണ ടിൻഡർ (Tinder) പോലെയുള്ള മറ്റ് ഡേറ്റിങ് ആപ്പുകൾക്ക് സമാനമാക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.