Image Credit : https://www.instagram.com/p/DbtqQsbPCee/

കാമുകിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ അണിയിക്കാനുളള മോതിരം വാങ്ങാന്‍ യുവാവ് നടത്തിയ കഠിനാധ്വാനത്തിന് സോഷ്യല്‍ ലോകത്തിന്‍റെ നിറകയ്യടി. വിലപിടിപ്പുളള ഡയമണ്ട് മോതിരം വാങ്ങാനായി ബ്രാഡ്​ലി ചോ എന്ന ചൈനീസ് യുവാവ് എട്ടുമാസമാണ് ഡബിൾ ഷിഫ്റ്റിൽ ജോലി ചെയ്തത്. ഒരു കോര്‍പ്പറേറ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന ചോ ഓഫീസ് ഡ്യൂട്ടിക്ക് പുറമെ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിക്കും രാത്രി കാലങ്ങളില്‍ പോയിരുന്നു. തന്‍റെ ലക്ഷ്യത്തിലേക്കുളള യാത്രയുടെ അവസാന 89 ദിനങ്ങള്‍ വിഡിയോ രൂപത്തില്‍ സൈബറിടത്ത് പങ്കുവച്ചതോടെ ചോയ്ക്ക്  ഒട്ടേറെ ആരാധരെയും ലഭിച്ചു. ഇതോടെ ചോയുടെ ഓരോ ദിവസത്തെ കഠിനാധ്വാനത്തിനും വലിയ പിന്തുണയാണ് സൈബറിടത്ത് നിന്ന് ലഭിച്ചത്.

ഏകദേശം 6,500 ഡോളറാണ് (6 ലക്ഷം രൂപ) തന്‍റെ സ്വപ്ന മോതിരം സ്വന്തമാക്കാന്‍ ചോയ്ക്ക് വേണ്ടിയിരുന്നത്. ഒരു രൂപപോലും കയ്യിലില്ലാതെയാണ് തന്‍റെ സ്വപ്നത്തിലേക്കുളള യാത്ര ആരംഭിച്ചതെന്നും ചോ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 8 മാസം രാത്രിയും പകലും ഉറക്കമില്ലാതെ ജോലി ചെയ്ത ചോ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം വിഡിയോയില്‍ പങ്കുവച്ചിരുന്നു. പലപ്പോഴും കൊടുംതണുപ്പില്‍ വിറങ്ങലിച്ച് നിന്നതും, മോതിരം വാങ്ങാന്‍ കഴിയില്ലേ എന്ന ചിന്തയില്‍ തളര്‍ന്നിരുന്നതുമടക്കം എല്ലാം ചോ തന്‍റെ വിഡിയോയിലൂടെ വ്യക്തമാക്കി. എന്നാല്‍ തോറ്റ് പിന്മാറാന്‍ ചോ തയാറായിരുന്നില്ല.

തന്‍റെ കാമുകി ഇത്രയും വിലയുളള അമൂല്യമോതിരം തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്, അതിന്‍റെ മുന്നില്‍ തന്‍റെ കഷ്ടപ്പാടുകളൊന്നും ഒന്നുമല്ല എന്ന ചിന്തയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ചോ പറയുന്നു. 8 മാസത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ 6504 ഡോളര്‍, 38 സെന്‍റ് താന്‍ സ്വന്തമാക്കിയെന്നും തനിക്ക് ഈ നിമിഷം കരച്ചിലടക്കാനാകുന്നില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ചോ തന്‍റെ 89ാമത്തെ വിഡിയോ പങ്കുവച്ചത്. കാമുകിക്കായി കരുതിവച്ച മോതിരവും അതിലെ അമൂല്യമായ വജ്രവും വിഡിയോയിലൂടെ ചോ എല്ലാവരെയും കാണിച്ചു. ഈ സ്വപ്നം നടത്തിയെടുക്കാനുളള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും രോഗം വന്ന് കിടന്നതും ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം വരെ ഉണ്ടായെന്നുമെല്ലാം ചോ പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ താന്‍ ആ മോതിരം കാമുകിയെ അണിയിച്ച് അവളെ പ്രൊപ്പോസ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ചോ അവസാനത്തെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചോയുടെ നിശ്ചയദാര്‍ഢ്യത്തിനും കാമുകിയോടുളള അളവറ്റ സ്നേഹത്തിനും വലിയ കയ്യടിയും അഭിനന്ദനപ്രവാഹവുമാണ് സൈബറിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

ENGLISH SUMMARY:

Proposal ring dedication is going viral as a young man's eight-month struggle to buy a diamond ring for his girlfriend has earned him widespread admiration. His journey, documented in daily videos, highlights his unwavering commitment and immense love, inspiring many online.