ഛർദിയെക്കുറിച്ച് എന്താണ് അഭിപ്രായം? ഓക്കാനിക്കാൻ വരട്ടെ...  പറഞ്ഞുവരുന്നത്  സാധാരണ ഛർദിയെക്കുറിച്ചല്ല, തിമിംഗല ഛർദിയെന്ന് പൊതുവെ അറിയപ്പെടുന്ന ആംബർഗ്രിസിനെക്കുറിച്ചാണ്. "ഛർദിയാണെങ്കിലും ഇതിന് ഇത്ര വിലയോ?" എന്ന് ചോദിക്കും മുമ്പ് ഒരു കാര്യം കൂടി പറയാം. ഗുണനിലവാരം അനുസരിച്ച് ഒരു കിലോ ആംബർഗ്രിസിന് ഒരു കോടി മുതൽ മൂന്ന് കോടി രൂപവരെയാണ് വില.

ആംബര്‍ഗ്രിസ് ഖര/ദ്രാവക രൂപങ്ങളില്‍

എന്താണ് ഇതിന് ഇത്ര വില? എന്താണ് ഇതിന്‍റെ ഉപയോഗം? തിമിംഗലത്തിന്‍റേത് മാത്രമാണോ ഇങ്ങനെ വിലപിടിപ്പുള്ളത്? അറിയാം...

സ്പേം വേൽ (Sperm Whale) അഥവാ ബീജത്തിമിംഗലമാണ് ആംബർഗ്രിസുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട ജീവി. കടലിലെ ഭീമൻ കൂന്തളുകളെ വേട്ടയാടുന്ന സ്പേം വേൽ അവയെ മുഴുവനായാണ് വിഴുങ്ങുന്നത്. ഇതിനിടെ കൂന്തളിന്റെ കൊക്കും മറ്റ് കൂർത്ത ഭാഗങ്ങളും അകത്തേക്ക് കടക്കും. ഇവ തിമിംഗലത്തിന്റെ ദഹനവ്യവസ്ഥയ്ക്ക് പരിക്കേൽപ്പിക്കാതിരിക്കാൻ ശരീരം ഒരു മെഴുകുപോലുള്ള വസ്തു ഉൽപാദിപ്പിച്ച് അവയെ പൊതിയുന്നു. കാലക്രമേണ ഇതാണ് ആംബർഗ്രിസായി മാറുന്നത്.

ഈ വസ്തു പിന്നീട് ദഹനവ്യവസ്ഥയിൽ നിന്ന് പുറത്തേക്ക് ഛര്‍ദിയായോ മലമായോ പോകുകയും വർഷങ്ങളോളം കടലിൽ ഒഴുകിനടക്കുകയും ചെയ്യുന്നു. സൂര്യപ്രകാശവും കടൽജലവും ഏൽക്കുന്നതോടെ അതിന്റെ ദുർഗന്ധം ക്രമേണ മധുരഗന്ധമായി മാറും. അതുകൊണ്ടുതന്നെയാണ് ഇതിനെ "കടലിലെ സ്വർണം" എന്നും വിളിക്കുന്നത്.

പെർഫ്യൂം നിർമാതാക്കളാണ് ആംബർഗ്രിസിന്റെ പ്രധാന ഉപഭോക്താക്കൾ. പെർഫ്യൂമുകളുടെ ഗന്ധം ദീർഘനേരം നിലനിർത്താൻ സഹായിക്കുന്ന ഫിക്സേറ്റീവ് ആയാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ ആംബർഗ്രിസിനായി സ്പേം തിമിംഗലങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ പല രാജ്യങ്ങളും ഇതിന്റെ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഛർദി കിട്ടിയാൽ കോടീശ്വരനാകാമെന്ന് കരുതേണ്ട. ഇന്ത്യയിൽ ആംബർഗ്രിസ് ശേഖരിക്കുന്നതും കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം ഗുരുതര കുറ്റമാണ്. ഇതിന് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.

ജീവികളിൽ നിന്ന് ലഭിക്കുന്ന സുഗന്ധവസ്തുക്കളിൽ ഏറ്റവും പ്രശസ്തമാണ് കസ്തൂരി. ഇന്ത്യയുടെ വടക്കൻ മേഖല മുതൽ മധ്യേഷ്യ വരെ കാണപ്പെടുന്ന കസ്തൂരിമാൻ എന്ന ആൺമാനിന്റെ ഉദരഭാഗത്തുള്ള പ്രത്യേക ഗ്രന്ഥിയിൽ നിന്നാണ് ഈ സുഗന്ധസ്രവം ഉൽപാദിപ്പിക്കുന്നത്. ഇണയെ ആകർഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതിദത്ത സുഗന്ധങ്ങളിലൊന്നായാണ് കസ്തൂരി കണക്കാക്കപ്പെടുന്നത്.

കസ്തൂരിമാനും കസ്തൂരിയും

എന്നാൽ കസ്തൂരി ശേഖരിക്കാൻ മാനിനെ വേട്ടയാടുകയോ കൊല്ലുകയോ ചെയ്യേണ്ടിവരുന്നതിനാൽ ഇതിന്റെ വ്യാപാരം ഇന്ന് നിയമവിരുദ്ധമാണ്. കസ്തൂരി ശേഖരിക്കൽ, കൈവശം വയ്ക്കൽ, വ്യാപാരം എന്നിവയ്ക്ക് ഇന്ത്യയിൽ കർശനമായ ശിക്ഷയുണ്ട്.

അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി കാണപ്പെടുന്ന ബീവർ എന്ന ജീവിയുടെ പൃഷ്ഠഭാഗത്തുള്ള പ്രത്യേക ഗ്രന്ഥിയിൽ നിന്നാണ് കാസ്റ്റോറിയം എന്ന സുഗന്ധവസ്തു ലഭിക്കുന്നത്. സ്വന്തം പ്രദേശം അടയാളപ്പെടുത്താനും മറ്റ് ബീവറുകൾക്ക് സന്ദേശം നൽകാനുമാണ് ഇവ ഇത് ഉപയോഗിക്കുന്നത്. വാനിലയോട് സാമ്യമുള്ള ഗന്ധമുള്ളതിനാൽ ഒരുകാലത്ത് പെർഫ്യൂമുകളിലും ചില ഭക്ഷ്യവസ്തുക്കളിലും ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് ബീവർ വേട്ടയ്ക്ക് നിയന്ത്രണം വന്നതോടെ കാസ്റ്റോറിയത്തിന്റെ ഉപയോഗവും ഗണ്യമായി കുറഞ്ഞു.

ബീവറും കാസ്റ്റേറിയവും

മരപ്പട്ടിയും അടുത്ത ബന്ധുവായ വെരുകും  ഉൽപാദിപ്പിക്കുന്ന സുഗന്ധവസ്തുവാണ് സിവറ്റോൺ. ഇവയുടെ പൃഷ്ഠഭാഗത്തുള്ള ഗ്രന്ഥികളിൽ നിന്നാണ് ഈ സ്രവം ലഭിക്കുന്നത്. ദീർഘനേരം ചർമത്തിൽ നിലനിൽക്കുന്ന ഗന്ധമായതിനാൽ പെർഫ്യൂം വ്യവസായത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. വന്യജീവി സംരക്ഷണ നിയമങ്ങൾ നിലവിൽ വന്നതോടെ ഇതിന്റെ ശേഖരണവും വ്യാപാരവും കർശന നിയന്ത്രണത്തിലാണ്.

ആനപ്പിണ്ടത്തിന്റെ മണം ഇഷ്ടപ്പെടുന്നവരുണ്ടാകും. എന്നാൽ അതിനെ ആരും സുഗന്ധവസ്തുവാക്കാറില്ല. പക്ഷേ കണ്ടാൽ പെരുച്ചാഴിയെപ്പോലെ തോന്നുമെങ്കിലും, പരിണാമശാസ്ത്രപ്രകാരം ആനയുടെ ഏറ്റവും അടുത്ത ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ ഒന്നാണ് ഹൈറാക്സ്. ഹൈറാക്സിന്റെ മലമൂത്രവിസർജ്യങ്ങൾ വർഷങ്ങളോളം പാറകളിൽ കിടന്ന് ഉണങ്ങി രൂപപ്പെടുന്ന വസ്തുവിൽ നിന്നാണ് ഹൈറേസിയം എന്ന സുഗന്ധവസ്തു നിർമ്മിക്കുന്നത്. മൃഗത്തെ ഉപദ്രവിക്കാതെ ഇത് ശേഖരിക്കാനാകുന്നതിനാൽ മറ്റ് പ്രകൃതിദത്ത സുഗന്ധവസ്തുക്കളെപ്പോലെ നിയമപരമായ പ്രശ്നങ്ങൾ ഇതിനില്ല.

ഹൈറാക്സും ഖര രൂപത്തിലെ ഹൈറാസിയവും

ഇന്ന് ഈ പ്രകൃതിദത്ത സുഗന്ധവസ്തുക്കൾക്ക് പകരം ലബോറട്ടറികളിൽ നിർമിക്കുന്ന സിന്തറ്റിക് പകരക്കാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിലൂടെ നിരവധി വന്യജീവികളുടെ വേട്ട കുറയ്ക്കാൻ കഴിഞ്ഞെങ്കിലും,  ഇന്നും ഈ വിലപിടിപ്പുള്ള സുഗന്ധവസ്തുക്കൾക്കായി പല വന്യജീവികളും വേട്ടയാടപ്പെടുന്നുണ്ട്.

ENGLISH SUMMARY:

Whale vomit, known as ambergris, is a valuable substance derived from sperm whales that can fetch millions of dollars per kilogram due to its unique properties. While ambergris is highly prized, its collection and trade are illegal in India under wildlife protection laws.