• പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ കലവറയായ സൈലന്‍റ് വാലി ദേശീയ ഉദ്യാനം നിലവിൽ വന്നിട്ട് ഇന്ന് 41 വർഷം. ചരിത്രത്തിലൂടെ ഒരു സഞ്ചാരം.

സൈലന്‍റ് വാലി ദേശീയ ഉദ്യാനം നിലവിൽ വന്നിട്ട് ഇന്ന് 41 വർഷം. 1985 സെപ്റ്റംബർ 7 ന് രാജീവ് ഗാന്ധിയാണ് ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് സൈലന്‍റ് വാലി. 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൈലന്‍റ് വാലി രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തമാണ്. ഏറ്റവും കൂടുതൽ പഠന വിധേയമായിട്ടുള്ള ഒരു വനപ്രദേശമാണിത്. 

സൈലന്‍റ് വാലിയിലെ കുന്തിപ്പുഴയിൽ ജലവൈദ്യുത പദ്ധതി നിർമിക്കാനുള്ള കെ. എസ്. ഇ.ബി തീരുമാനത്തിനെതിര ഒരു പതിറ്റാണ്ടോളം നീണ്ട സമരത്തിനൊടുവിൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമായി. ദേശീയ ഉദ്യാനമാക്കി സൈലന്‍റ് വാലിയെ സംരക്ഷിക്കാനുള്ള തീരുമാനം കൈകൊണ്ടത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ശക്തമായ പരിസ്ഥിതി സമരമായിരുന്നു സൈലന്‍റ് വാലിക്കു വേണ്ടി ഉയർന്നത് . ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാർഥികൾ തുടങ്ങി ഗ്രോത്രസമൂഹം ഉൾപ്പെടെ ആയിരങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി സൈലന്‍റ് വാലിയുടെ സംരക്ഷണത്തിനായി ശബ്‌ദമുയർത്തി.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിക്കടുത്ത് പശ്‌ചിമഘട്ടത്തിന്‍റെ വടക്ക് പടിഞ്ഞാറുഭാഗത്താണ് ഈ ദേശീയ ഉദ്യാനം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമാണ്. വനം വകുപ്പിന്‍റെ മുൻകൂർ അനുവാദത്തോടെയാണ് സന്ദർശകർക്ക് സൈലന്‍റ് വാലിയിലേക്ക് പോകാൻ കഴിയുക. 

അപൂർവ്വമായ ഓർക്കിഡുകൾ മുതൽ ആനയും കടുവയും സിംഹവാലൻ കുരങ്ങും വരെ ഉൾപ്പെടുന്ന ജൈവ വൈവിധ്യമാണ് സൈലന്‍റ് വാലിയുടെ മുഖമുദ്ര. ഉയര്‍ന്ന മലനിരകളും പുൽമേടുകളും നിത്യഹരിത വനങ്ങളും ചേർന്നു സൃഷ്ടിച്ച അപൂർവ്വ സൗന്ദര്യമുള്ള വനമേഖല കൂടിയാണിത്.  ഭൂമുഖത്തെ ഏറ്റവും സമ്പന്നവും അപൂർവ്വവുമായ ജൈവകലവറ എന്നാണ് സൈലന്‍റ് വാലിയെ ശാസ്‌ത്രം വിശദീകരിക്കുന്നത്.

ENGLISH SUMMARY:

Silent Valley National Park is celebrating its 41st anniversary today, having been officially inaugurated by then Prime Minister Rajiv Gandhi on September 7, 1985. Located in the Palakkad district of Kerala, the protected forest spans 89.52 square kilometers and is globally renowned for its rich biodiversity. The area was saved from a controversial hydroelectric project following one of India's strongest environmental movements led by scientists, writers, and local communities. Today, the pristine evergreen forest remains a vital ecological treasure, housing rare orchids and endangered species like the lion-tailed macaque.