സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഓൺലൈൻ വഴി സ്പെഷൽ പെർമിറ്റ് അനുവദിക്കാനുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ ടൂറിസ്റ്റ് വാഹന ഉടമകൾ. അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾക്ക് വിനോദയാത്രകൾ നടത്താൻ അനുമതി നൽകുന്നത് ടൂറിസ്റ്റ് വാഹന വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിടുമെന്നാണ് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നത്.

'പ്രിയദർശിനി പദ്ധതി' കാരണം നഷ്ടമുണ്ടായ സ്വകാര്യ ബസുകളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകിയ നിർദ്ദേശങ്ങളിൽ ഒന്നായ അവധി ദിവസങ്ങളിലെ ഓൺലൈൻ സ്പെഷ്യൽ പെർമിറ്റ് റിപ്പോർട്ട് ആണ് വിവാദത്തിലായത്. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രം സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾ മൂന്ന് മാസത്തിൽ 50,000 രൂപ നികുതി നൽകുമ്പോൾ, നികുതിയിളവുള്ള സ്വകാര്യ ബസുകൾ നൽകുന്നത് 11,000 രൂപ മാത്രമാണ്. തുച്ഛമായ നികുതി അടയ്ക്കുന്ന ബസുകൾക്ക് ടൂറിസ്റ്റ് ഓട്ടങ്ങൾക്ക് വഴിയൊരുക്കുന്നത് ഈ മേഖലയെയും ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളെയും പട്ടിണിയിലാക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 

 ഓൺലൈൻ പെർമിറ്റ് ലഭിച്ചാൽ ലാഭം നോക്കി ഗ്രാമീണ സർവീസുകൾ വെട്ടിച്ചുരുക്കി ബസുകൾ വിനോദയാത്രകൾക്ക് പോകും. ഇത് ഗ്രാമങ്ങളിലെ യാത്രാപ്രശ്നം അതിരൂക്ഷമാക്കും. തീരുമാനം നടപ്പിലാക്കിയാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ടൂറിസ്റ്റ് വാഹന ഉടമകളുടെ തീരുമാനം.

ENGLISH SUMMARY:

Special permit for private buses online in Kerala is facing strong opposition from tourist vehicle owners. The Contract Carriage Operators Association fears this decision will cripple the tourist vehicle industry, especially due to tax disparities.