• കനത്ത വരുമാന നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധനയില്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ.

കനത്ത വരുമാന നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധനയില്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ. വിദ്യാർഥികളുടെ മിനിമം കൺസഷൻ അഞ്ച് രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. Also Read: ‘എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്, സുകുമാരക്കുറുപ്പുമായി യാതൊരു ബന്ധവുമില്ല’; ദാമോദര മേനോൻ

ബസ് ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാതെ തയാറാക്കിയ പത്‌മകുമാർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ഡീസൽ സബ്‌സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങളും കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൈകാതെ ബസ് സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

സർക്കാർ നടപ്പാക്കിയ സൗജന്യയാത്രാ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖലയിൽ വലിയ വരുമാന നഷ്ടമുണ്ടായതായും ഉടമകൾ ആരോപിച്ചു. പദ്ധതി നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഏകദേശം 800 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നാണ് അവരുടെ അവകാശവാദം. ബസ് വ്യവസായത്തെ ഘട്ടംഘട്ടമായി കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിശോധിക്കാനും പരിഹാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനുമാണ് മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. സാധാരണയായി ഇത്തരം സമിതികൾ യാത്രാക്കൂലി വർധന ശുപാർശ ചെയ്യാറുണ്ടെങ്കിലും, ഇത്തവണ മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പത്ത് നിർദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്.

ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കണമെന്നതാണ് സമിതിയുടെ പ്രധാന ശുപാർശ. ഇതിലൂടെ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ ബസുകൾ നിശ്ചിത തുക വാങ്ങി കെഎസ്ആർടിസിക്ക് വെറ്റ് ലീസിന് നൽകാനുള്ള സാധ്യതയും സമിതി നിർദേശിച്ചിട്ടുണ്ട്.

മോട്ടോർ വാഹന നികുതി മൂന്ന് മാസത്തിലൊരിക്കൽ അടയ്ക്കുന്നതിന് പകരം പ്രതിമാസം അടയ്ക്കാൻ അവസരം നൽകണം, ബസുകളുടെ കാലാവധി 22 വർഷത്തിൽ നിന്ന് 25 വർഷമായി ഉയർത്തണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ. കെഎസ്ആർടിസി പമ്പുകളിൽ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഡീസൽ ലഭ്യമാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

കെഎസ്ആർടിസിയെ കൂടി പരിഗണിച്ച് റൂട്ടുകളിലും സമയക്രമത്തിലും പരിഷ്കാരം വരുത്തുക, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പകരം സംസ്ഥാന ഇൻഷുറൻസ് സംവിധാനത്തിലൂടെ പരിരക്ഷ നൽകുക എന്നിവയും ശുപാർശകളിലുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസുകളിൽ പരസ്യം അനുവദിക്കണമെന്നും നിർദേശമുണ്ട്.

ബസുകളിലെ ജീവനക്കാരുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുക, സംസ്ഥാനത്തിന് പൊതുവായ ഗതാഗതനയം രൂപീകരിക്കുക എന്നിവയാണ് സമിതിയുടെ മറ്റ് നിർദേശങ്ങൾ.

എന്നാൽ യാത്രാക്കൂലി വർധനയും ഡീസൽ സബ്‌സിഡിയും പോലുള്ള അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാതെ ഈ നിർദേശങ്ങൾ കൊണ്ട് മാത്രം മേഖലയെ രക്ഷിക്കാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ സമരത്തിലേക്ക് പോകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.

ENGLISH SUMMARY:

Private bus operators say severe revenue losses have made a fare hike unavoidable and demand that the minimum student concession be raised to Rs 5. They have rejected the Padmakumar Committee recommendations, arguing that urgent issues such as fare revision and diesel subsidy were not addressed. The operators have also warned of a strike if the government fails to act.