സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ കുപ്പിവെള്ളവും പോപ്കോണും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങുന്ന കൊള്ളവില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുപ്പത് രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് മുന്നൂറ് രൂപ വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് പറഞ്ഞു. കുപ്പിവെള്ളത്തിന് വന്‍വില വാങ്ങുന്നത് മനുഷ്യാവകാശ ലംഘനമാണ്. വില നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും മേയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വെള്ളം തിയേറ്ററിലേക്ക് കൊണ്ടുപോകാനാവില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. അധികാരം പരിമിതമാണെങ്കിലും നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിതവില ഈടാക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും പ്രതികരിച്ചു. സൗജന്യ കുടിവെള്ളം ഉറപ്പാക്കാന്‍ തിയേറ്ററുകള്‍ തയാറാകണം. അന്യായമായി വില ഈടാക്കുന്നതില്‍ നിന്ന് പിന്മറാകണം. ഇക്കാര്യത്തില്‍ ഇടപെടുന്നതിന് ഭക്ഷ്യവകുപ്പിന് പരിമിതികളുണ്ടെങ്കിലും നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.