GenZBoysober

ഡേറ്റിങ് ആപ്പുകളിലെ നിരാശയും, അർഥശൂന്യമായ പ്രണയബന്ധങ്ങളും മടുത്ത ജെൻ സികൾ പുതിയ ലൈഫ് സ്റ്റൈലിലേക്ക് മാറുന്നു. മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ സൂചിപ്പിക്കുന്ന 'സോബർ' എന്ന വാക്കിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. 'ബോയ്-സോബർ' ജെൻ സികള്‍ക്കിടയില്‍ ട്രെന്‍ഡാവുകയാണ്.

ഒരു നിശ്ചിത കാലയളവിലേക്ക് പ്രണയം, ഡേറ്റിങ്, താൽക്കാലിക ബന്ധങ്ങൾ, മുൻ കാമുകന്മാരുമായുള്ള സമ്പർക്കം എന്നിവയിൽ നിന്നെല്ലാം പൂർണ്ണമായി വിട്ടുനിൽക്കുന്ന അവസ്ഥയെയാണ് 'ബോയ്-സോബർ' എന്ന് വിളിക്കുന്നത്. ഇതൊരു താല്ക്കാലിക വിരഹമല്ല, മറിച്ച് ബോധപൂർവ്വം സ്വന്തം മാനസികാരോഗ്യത്തിനായി എടുക്കുന്ന തീരുമാനമാണ്.

പലപ്പോഴും ഡേറ്റിങ് ആപ്പുകളിലൂടെയുള്ള ബന്ധങ്ങൾ കടുത്ത മാനസിക സമ്മർദത്തിനും നിരാശയ്ക്കും കാരണമാകാറുണ്ട്. പങ്കാളിയിൽ നിന്നുള്ള വഞ്ചന, പെട്ടെന്ന് ഒരു കാരണവുമില്ലാതെ ബന്ധം അവസാനിപ്പിക്കൽ എന്നിവയെല്ലാം സ്ത്രീകളെ മാനസികമായി തളർത്തുന്നു. ഇത്തരം അനാവശ്യ സങ്കീർണതകളിൽ നിന്ന് മാറി നടക്കാനും, സ്വന്തം സമാധാനം വീണ്ടെടുക്കാനും 'ബോയ്-സോബർ' രീതി സഹായിക്കുന്നു. 'ബോയ്-സോബർ' എന്നാൽ പുരുഷന്മാരെ വെറുക്കുക എന്നല്ല മറിച്ച് മറ്റൊരാളെ സ്നേഹിക്കുന്നതിന് മുൻപ് സ്വയം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക എന്നതാണ്.

ടിൻഡർ, ബംബിൾ തുടങ്ങിയ ആപ്പുകൾ ഫോണിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക. അർഥശൂന്യമായ ശാരീരിക-മാനസിക  ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുക.  എക്സിനോട് വീണ്ടും സംസാരിക്കാനോ മെസ്സേജ് അയക്കാനോ ശ്രമിക്കാതിരിക്കുക. ഈ സമയം സ്വന്തം കരിയർ, ഹോബികൾ, സൗഹൃദങ്ങൾ, മാനസികാരോഗ്യം എന്നിവയ്ക്കായി വിനിയോഗിക്കുക. ഇതൊക്കെയാണ് 'ബോയ്-സോബർ' ജീവിതത്തിന്‍റെ പ്രധാന നിയമങ്ങൾ 

ഈ ലൈഫ് സ്റ്റൈൽ പിന്തുടരുന്നതിലൂടെ യുവതികൾക്ക് തങ്ങളുടെ ജീവിത ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. സാമ്പത്തികമായും മാനസികമായും കൂടുതൽ സ്വതന്ത്രരാകാനും, ഏകാന്തതയെ ഭയപ്പെടാതെ സ്വന്തം കൂട്ട് ആസ്വദിക്കാനും അവർക്ക് കഴിയുന്നു. യഥാർഥത്തിൽ  ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് വ്യക്തമായി മനസ്സിലാക്കാൻ ഈ 'ഡേറ്റിങ് ഡിറ്റോക്സ്' കാലയളവ് സഹായിക്കുമെന്നാണ് പരീക്ഷിച്ചവരുടെ പക്ഷം.

'ബോയ്-സോബർ' എന്നത് വെറുമൊരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമല്ല, മറിച്ച് ഇന്നത്തെ സങ്കീർണമായ ലോകത്ത് സ്വന്തം സന്തോഷം കണ്ടെത്താൻ യുവാക്കൾ കണ്ടെത്തിയ ഒരു ശക്തമായ മാർഗ്ഗമാണ്. മറ്റൊരാളിൽ സന്തോഷം തിരയുന്നതിനേക്കാൾ മുൻഗണന സ്വന്തം സമാധാനത്തിന് നൽകാൻ ഇത് സഹായിക്കുന്നു.

ENGLISH SUMMARY:

Boy sober is a new lifestyle trend where Gen Z individuals are opting out of dating apps and meaningless relationships to focus on self-care and personal growth. This 'dating detox' helps individuals regain peace of mind and prioritize their own well-being before seeking external validation.