ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ ഒരുകാലത്ത് പ്രണയലോകത്തെ വലിയൊരു വിപ്ലവമായിരുന്നു. ഇതിന് ഇങ്ങനെ കഴിഞ്ഞ കാലത്തില്‍ പറയേണ്ടി വരും. കാരണം ഡേറ്റിംഗ് ആപ്പിൽ ഒരാളെ കാണുന്നതിനേക്കാൾ, ഒരു ഗ്രോസറി സ്റ്റോറിൽ വെച്ച് കണ്ടുമുട്ടുന്ന വ്യക്തിയെ ആണ് മനസ്സിലാക്കാന്‍ എളുപ്പം എന്നത് പുതിയ ട്രെന്‍ഡ് ആകുകയാണ്.

വിരൽത്തുമ്പിലെ ഒരു സ്വൈപ് കൊണ്ട് പുതിയ ആളുകളെ പരിചയപ്പെടാനും, താൽപര്യങ്ങൾക്കനുസരിച്ച് സുഹൃത്തിനെ പാട്ണറെ ഒക്കെ കണ്ടെത്തുന്നവരുടെ കാലവും പഴകുകയാണ്. ഏറെ നേരം ഫോണിലൂടെ സംസാരിച്ച്, എന്നിട്ടും പരസ്പരം മനസ്സിലാക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവണതയോട് ആളുകൾക്ക് മടുപ്പും നിരാശയും വർധിക്കുന്നുവെന്നാണ് പല പഠനങ്ങളും സാമൂഹിക ചർച്ചകളും സൂചിപ്പിക്കുന്നത്.

അനവധി വ്യാജ പ്രൊഫൈലുകൾ, അമിതമായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ, യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത വിവരണങ്ങൾ, ഒടുവിൽ സംഭാഷണം പോലും ആരംഭിക്കാതെ അവസാനിക്കുന്ന മാച്ചസ് ഇവയെല്ലാം ചേർന്ന് ഡേറ്റിംഗ് ആപ്പുകളുടെ ആകർഷണം  കുറയുകയാണ്. അതിന്റെ ഫലമായി, കൂടുതൽ സ്വാഭാവികവും യഥാർഥവുമായ പരിചയങ്ങൾക്കായി ആളുകൾ വീണ്ടും ഓഫ്‌ലൈൻ ലോകത്തേക്കാണ് തിരിയുന്നത്.

ഇതിനിടെയാണ് ഒരു കൗതുകകരമായ ആശയം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് സൂപ്പര്‍മാര്‍ക്കറ്റ് ഡേറ്റിംഗ്.

എന്തുകൊണ്ട് ഗ്രോസറി സ്റ്റോർ?

ഒരു ഗ്രോസറി സ്റ്റോറിൽ നിങ്ങൾ കാണുന്നത് മനോഹരമായി തിരഞ്ഞെടുത്ത ചിത്രങ്ങളുള്ള ഒരു ഡിജിറ്റൽ പ്രൊഫൈലിനെയല്ല, മറിച്ച് ദൈനംദിന ജീവിതം നയിക്കുന്ന ഒരു യഥാർഥ വ്യക്തിയെയാണ്. അവിടെ ഫിൽട്ടറുകളില്ല, ശ്രദ്ധ പിടിച്ചുപറ്റാൻ തയ്യാറാക്കിയ ബയോകളില്ല, കൃത്രിമമായി സൃഷ്ടിച്ച വ്യക്തിത്വവുമില്ല. ജോലിക്കുശേഷം വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ വന്ന ഒരാളെയോ, വാരാന്ത്യ ഭക്ഷണത്തിനായി ഷോപ്പിംഗ് നടത്തുന്ന ഒരാളെയോ ആണ്.

ഇത്തരം കൂടിക്കാഴ്ചകളെയാണ് പലരും ഓര്‍ഗാനിക് ഇന്‍ററാക്ഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്. കാരണം, അവിടെ സംഭാഷണം തുടങ്ങുകയാണെങ്കിൽ അത് ഒരു ആപ്പിന്റെ അൽഗോരിതം സൃഷ്ടിച്ച അവസരത്തിലായിരിക്കില്ല മറിച്ച് ജീവിതം തന്നെ ഒരുക്കിയ ഒരു നിമിഷമായിട്ടായിരിക്കും.

ഒരു ഷോപ്പിംഗ് കാർട്ട് പറയുന്ന കഥ

മനഃശാസ്ത്രപരമായി നോക്കുമ്പോൾ, മനുഷ്യരുടെ ദൈനംദിന തിരഞ്ഞെടുപ്പുകൾ അവരുടെ ജീവിതശൈലിയെക്കുറിച്ച് ചെറിയ സൂചനകൾ നൽകാറുണ്ട്. അതുകൊണ്ടുതന്നെ ചിലർ ഒരാളുടെ ഷോപ്പിംഗ് കാർട്ടും ശ്രദ്ധിക്കാറുണ്ട്. പുതിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലാണെങ്കിൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരാകാം. വിവിധ മസാലകളും ചേരുവകളും ഉണ്ടെങ്കിൽ പാചകം ഇഷ്ടപ്പെടുന്നവരാകാം. അതേസമയം, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളും സ്നാക്കുകളും കൂടുതലാണെങ്കിൽ തിരക്കേറിയ ജീവിതശൈലിയോ സൗകര്യത്തിന് മുൻഗണന നൽകുന്ന സ്വഭാവമോ സൂചിപ്പിച്ചേക്കാം.

എന്നാൽ ഈ നിരീക്ഷണങ്ങൾ വെറും സൂചനകൾ മാത്രമാണെന്ന കാര്യം മറക്കരുത്. അന്നത്തെ ഷോപ്പിംഗ് ഒരു പ്രത്യേക ആവശ്യത്തിനായിരിക്കാം. അവർ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടി സാധനങ്ങൾ വാങ്ങുന്നതാകാം. ഒരു ആഘോഷത്തിനോ യാത്രയ്ക്കോ വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കാം. അതിനാൽ, ഒരു ഷോപ്പിംഗ് കാർട്ട് മാത്രം നോക്കി ഒരാളുടെ വ്യക്തിത്വം നിർവചിക്കുന്നത് ശരിയായ സമീപനമല്ലതാനും.

Why People Are Ditching Dating Apps for Grocery Store Meet-Cutes:

Dating apps are no longer the revolution they once were, with a new trend emerging where meeting someone in a grocery store is easier to understand than on a dating app. People are increasingly seeking more natural and authentic connections offline due to dating app fatigue caused by fake profiles and unrealistic portrayals.