വളർത്തുമൃഗങ്ങള്‍ പലപ്പോഴും കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്. അവരുടെ ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലുമെല്ലാം ശരിയായ പരിചരണം ഉറപ്പാക്കുന്നതിന് ആളുകൾ ശ്രദ്ധിക്കാറുണ്ട്. വീട്ടിൽ വളർത്തുന്ന പട്ടിയോ പൂച്ചയോ ചില സമയങ്ങളിൽ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ശരീരം ചൊറിയുന്നതും കാണാറില്ലേ, എന്താണ് അവർക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

മനുഷ്യർക്ക് ഉണ്ടാകുന്ന 'ഹേ ഫീവർ' അഥവാ വായുവിലൂടെയുള്ള അലർജി നമ്മുടെ വളർത്തുമൃഗങ്ങൾക്കും ബാധിക്കുന്നതാവാം ഇതിനുള്ള ഒരു കാരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ചിലതരം ഭക്ഷണങ്ങൾ, എന്തിനേറെ നമ്മൾ ഉപയോഗിക്കുന്ന പെർഫ്യൂമുകൾ വരെ ഇത്തരത്തിൽ മൃഗങ്ങളിൽ അലർജിക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല, ചില അപൂർവ്വ സാഹചര്യങ്ങളിൽ മനുഷ്യരുടെ ശരീരത്തിൽ നിന്നുള്ള ഡാൻഡ്രഫ് പോലും മൃഗങ്ങളിൽ അലർജി ഉണ്ടാക്കുമെന്നാണ് വെറ്ററിനറി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

മനുഷ്യർക്ക് ഒരു അലർജി പിടിപെട്ടാൽ പല ആളുകൾക്കും തുമ്മലുണ്ടാകാറുണ്ട്. പക്ഷെ, നമ്മുടെ പൂച്ചകളോ അല്ലെങ്കിൽ നായ്ക്കളോ ഒന്നും തുമ്മുന്നത് കൂടുതലായി കാണാറില്ല. കാരണം, ഇവരുടെ തൊലിപ്പുറത്താണ് അലർജി പ്രധാനമായും കാണപ്പെടുന്നത്. ഇതിനെ 'അറ്റോപിക് ഡെർമറ്റൈറ്റിസ്' എന്നാണ് പറയുക. മൃഗങ്ങളുടെ കാലുകൾ, ചെവികൾ, അടിവയർ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് കൂടുതൽ പ്രകടമാകുക. നിരന്തരമായ ചൊറിച്ചിൽ കാരണം അവർ ഈ ശരീര ഭാഗങ്ങളിൽ കടിക്കുകയും നക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് വലിയ മുറിവുകളായി മാറാൻ സാധ്യതയുണ്ട്.

വളർത്തുമൃഗങ്ങളിൽ അലർജി കൂടി വരുന്നതിന് കാരണമായി ജീവിതശൈലി മാറ്റങ്ങളാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പണ്ടത്തെപ്പോലെയല്ല, ഇന്ന് വളർത്തുമൃഗങ്ങൾ ഭൂരിഭാഗം സമയവും നമ്മോടൊപ്പം വീടിനുള്ളിൽ തന്നെയാണ് ചിലവഴിക്കുക. ഇതുമൂലം മനുഷ്യർ ഉപയോഗിക്കുന്ന  കെമിക്കലുകൾ അടങ്ങിയ ഷാംപൂകളും  കഴിക്കുന്ന ഫാസ്റ്റ് ഫുഡും അടക്കം മൃഗങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുന്നുണ്ട്.  

ഇനി നമ്മുടെ വളർത്തുമൃഗങ്ങൾക്ക് അലർജിയുണ്ടോ എന്ന് തിരിച്ചറിയാൻ ചില വഴികൾ ഉണ്ട്. അവർ സാധാരണയിലധികം ശരീരം ചൊറിഞ്ഞ് പരിക്കേൽപ്പിക്കുകയോ, കാൽപ്പാദങ്ങൾ തുടർച്ചയായി നക്കുകയോ, ചെവികൾ ഇടയ്ക്കിടെ കുടയുകയോ, കണ്ണുകളിൽ നിന്ന് വെള്ളം വരികയോ ഒക്കെ ചെയ്യുന്നുണ്ടെകിൽ എത്രയും വേഗം വൈദ്യസഹായം തേടുന്നതാണ് നല്ലത്. ഒരു വെറ്ററിനറി ഡെർമറ്റോളജിസ്റ്റിനെ കാണിച്ച് 'ഇൻട്രാഡെർമൽ അലർജി ടെസ്റ്റ്' ചെയ്താൽ ഈ അലർജിയുടെ കൃത്യമായ കാരണവും കണ്ടെത്താം.

ENGLISH SUMMARY:

Pet allergies are a growing concern, mirroring human hay fever and manifesting as itching and skin issues in dogs and cats. Understanding the symptoms and causes of pet allergies is crucial for their well-being.