എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ ‘താല്‍ക്കാലിക ഭര്‍ത്താക്കന്‍മാരെ’ കുറിച്ച് കേട്ടിട്ടുണ്ടോ? പുരുഷന്‍മാരുടെ ‘ക്ഷാമം’ കാരണം ഭര്‍ത്താക്കന്‍മാരെയും പുരുഷ തൊഴിലാളികളെയും വാടകയ്ക്കെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ നാടാണ് ലാത്വിയ. ഇവരെ വാടകയ്‌ക്ക് നല്‍കുന്ന സേവനങ്ങളും ലാത്വിയയിലുണ്ട്. എന്നാല്‍ ഇതേ സേവനം നമ്മുടെ രാജ്യത്ത്, ഇന്ത്യയില്‍ വന്നാല്‍ എങ്ങിനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അത്തരത്തിലൊരും ‘സേവനമാണ്’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താക്കന്‍മാരെയല്ല മറിച്ച് ‘കാമുകന്‍മാരെയാണ്’ രാജ്യ തലസ്ഥാനത്ത് വാടകയ്ക്ക് ലഭിക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ ഇഷ ഭല്ലയാണ് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി കാമുകനെ ‘വാടകയ്‌ക്കെടുത്തെന്നും’ എന്നും ഒരു മാളിൽ അദ്ദേഹത്തോടൊപ്പം ഷോപ്പിങ് നടത്തിയെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ അനുഭവവും ഒരു വിഡിയോയിലൂടെ ഇഷ പങ്കിട്ടിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്ത ശേഷം, മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടുകയും ഷോപ്പിങ് മാളില്‍ സമയം ചെലവഴിക്കുകയും ചെയ്തതായി ഇഷ പറയുന്നു. അദ്ദേഹം തന്നെ ഷോപ്പിങില്‍ സഹായിക്കുകയും തന്‍റെ ബാഗുകള്‍ പിടിച്ച് തന്നോടൊപ്പം നടക്കുകയും ചെയ്തതായി ഇഷ പറഞ്ഞു. ‘അദ്ദേഹത്തിന്‍റെ സെലക്ഷന്‍ മോശമായിരുന്നു, പക്ഷേ അത് ഞാന്‍ സഹിച്ചു’– ഇഷ തമാശ രൂപേണ പറഞ്ഞു. 

ഒരു സുഹൃത്തിനോടോ പങ്കാളിയോടോ സമയം ചെലവഴിക്കുന്നതിന് സമാനമായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടലെന്നും ഇഷ പറയുന്നുണ്ട്. തന്റെ മുൻ കാമുകനെക്കുറിച്ചു പോലും അദ്ദേഹത്തോട് സംസാരിച്ചുവെന്നും ഒരു ഘട്ടത്തിൽ വികാരാധീനയായപ്പോള്‍ തമാശകൾ പറഞ്ഞ് ആ മനുഷ്യൻ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചതായും ഇഷ പറഞ്ഞു. സമയം തീരുന്നതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സേവനത്തിന് പണം നൽകി, ഇരുവരും പിരിഞ്ഞതായും ഇഷ പറഞ്ഞു. 

ഇഷയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം ‘സേവനങ്ങൾ’ ഓൺലൈനിൽ ലഭ്യമാകുന്നതിൽ നിരവധി ഉപയോക്താക്കൾ ആശ്ചര്യം പ്രകടിപ്പിച്ചു. എതിര്‍ത്തും അനുകൂലിട്ടും പരിഹസിച്ചുമെല്ലാം പല തരത്തിലുള്ള വാദപ്രതിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം, ഇഷയുടെ കൂടെയുണ്ടായിരുന്ന വ്യക്തി മുന്‍പും ഇഷയുടെ വിഡിയോകളില്‍ ഉണ്ടായിരുന്ന യുവാവാണെന്ന് മുന്‍പുണ്ടായിരുന്ന വിഡിയോകളില്‍ വ്യക്തമാണ്. ഇതിന് മറുപടിയായി ഈ റീല്‍ ഒരു പരസ്യം മാത്രമാണെന്നാണ് ഇഷ പറയുന്നത്. ഇഷ പറയുന്ന വെബ്സൈറ്റും നിലവിലുണ്ട്. വിഡിയോ ഇതിനകം ഒരു കോടിയാളം ആളുകളാണ് കണ്ടത്.

വെബ്സൈറ്റിനെ കുറിച്ച്

ഇഷ സൂചിപ്പിക്കുന്ന വെബ്സൈറ്റില്‍ ‘കാമുകനെ വാടകയ്ക്ക്’ എന്ന് കൃത്യമായി പറയുന്നില്ല. ‘പ്രൊഫഷണല്‍ സോഷ്യല്‍ സപ്പോര്‍ട്ട് സര്‍വീസ്’ എന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. ഡല്‍ഹി മുതല്‍ കൊച്ചി വരെ ഇരുപതോളം നഗരങ്ങളില്‍ സേവനം ലഭ്യമാണെന്നും വെബ്സൈറ്റിലുണ്ട്. വയോജന സംരക്ഷണം (Elder Care), ഹാങിങ്ങ് ഔട്ട് (hangingout), ക്ലബ്ബിങ് (Clubbing), മൂവി പാര്‍ട്നര്‍ (Movie Partner), ഷോപ്പിങ് ബഡ്ഡി (Shopping Buddy), മെഡിക്കല്‍ സപ്പോര്‍ട്ട് (Medical Support), ഡൊമസ്റ്റിക് ഹെല്‍പ്പ് (Domestic Help) എന്നിവയാണ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സേവനങ്ങള്‍. ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ പ്രൊഫൈലുകൾ സൃഷ്ടിക്കാനും വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി വ്യത്യസ്ത വിലകളിൽ ‘കമ്പാനിയൻമാരെ’ ബുക്ക് ചെയ്യാനും സാധിക്കും. സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രകാരം 1000 മുതല്‍ 2000 രൂപവരെയാണ് സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍. സേവനം വാങ്ങാന്‍ മാത്രമല്ല, വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പണം ഈടാക്കി സേവനം നല്‍കാനും സാധിക്കും.

ENGLISH SUMMARY:

A viral video by Delhi-based content creator Isha Bhalla claiming she "rented a boyfriend" for a shopping mall visit has generated immense traction and debate across social media platforms. In the video, Bhalla detailed how she booked a male companion online who dynamically accompanied her, carried her shopping bags, and emotionally comforted her when discussing past relationships. However, after viewers noted that the male companion had structurally featured in her previous sketches, Bhalla clarified that the video was a fictional advertisement created to promote a specific startup. The featured platform does not market romantic partners but instead operates as a "Professional Social Support Service" available in twenty Indian cities, including Kochi. For structural rates ranging between ₹1000 and ₹2000, users can hire verified companions for benign, platonic activities like elder care, movie watching, shopping, or medical transit assistance.