ശൈത്യകാലത്തേക്ക് മാത്രമായി ഒരു പങ്കാളിയെ കണ്ടെത്തുന്ന രീതിയാണ് ‘സ്നോമാനിങ്’. മഞ്ഞുകാലത്തെ തണുപ്പും ഏകാന്തതയും മാറ്റാൻ വേണ്ടി മാത്രം തിടുക്കത്തിൽ ഒരു പ്രണയബന്ധം തുടങ്ങുകയും, വസന്തകാലം എത്തുന്നതോടെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഒരു മഞ്ഞുമനുഷ്യൻ വെയിൽ വരുമ്പോൾ ഉരുകിപ്പോകുന്നത് പോലെ, ഈ ബന്ധവും ചൂടുകാലമാകുന്നതോടെ ഇല്ലാതാകും.
'ലവ് ബോംബിങും', 'ഗോസ്റ്റിങും' ചേർന്നൊരു അവസ്ഥയാണ് ‘സ്നോമാനിങ്’. അതായത് തുടക്കത്തിൽ വല്ലാതെ സ്നേഹം പ്രകടിപ്പിക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ അവധിക്കാലങ്ങളിൽ കൂട്ടിന് ഒരാൾ വേണമെന്ന തോന്നലും സാമൂഹിക സമ്മർദ്ദവുമാണ് പലരെയും ഇത്തരം ബന്ധങ്ങളിലേക്ക് എത്തിക്കുന്നത്.
‘സ്നോമാനിങ്’ അപകടകരമായ ഒരു ഡേറ്റിങ് രീതിയാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരാൾ കാര്യമായി പ്രണയിക്കുമ്പോൾ മറ്റേയാൾ വെറും 'സീസണൽ വിനോദമായി' മാത്രം ഈ ബന്ധത്തെ കാണുന്നത് വലിയ മാനസിക വിഷമത്തിന് കാരണമാകും. ഇത്തരം ബന്ധങ്ങളിൽ പലപ്പോഴും സത്യസന്ധമായ ആശയവിനിമയം നടക്കാറുമില്ല.
ഒരു ബന്ധം തുടങ്ങുന്നതിന് മുൻപ് നിങ്ങൾക്ക് സത്യത്തിൽ എന്താണ് വേണ്ടതെന്ന് ചിന്തിക്കുക. വെറുമൊരു നേരമ്പോക്കാണോ അതോ ഗൗരവമായ ബന്ധമാണോ എന്ന് വ്യക്തത വരുത്തുക. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ പങ്കാളിയോട് വ്യക്തമായി പറയുക. ഇത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. ഒരു സീസണിലേക്ക് മാത്രം കൂട്ടുനിൽക്കുന്ന ഒരാളെയാണോ, അതോ ജീവിതത്തിലെ എല്ലാ ഋതുക്കളിലും കൂടെയുണ്ടാകുന്ന ഒരാളെയാണോ നിങ്ങൾക്ക് വേണ്ടതെന്ന് സ്വയം ചിന്തിച്ച് തീരുമാനമെടുക്കുക.