ജെൻ സി പെണ്‍കുട്ടികള്‍ തങ്ങളേക്കാൾ പ്രായമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്നു. പ്രായവ്യത്യാസത്തേക്കാൾ ജെൻ സി പ്രാധാന്യം നൽകുന്നത് വൈകാരികമായ പൊരുത്തത്തിനും ഒരേ രീതിയിലുള്ള ജീവിത വീക്ഷണത്തിനുമാണ്. ഡേറ്റിങ് ലോകത്തെ ഈ പുതിയ ട്രെന്‍ഡ് ശ്രദ്ധേയമാവുകയാണ്.
സോഷ്യൽ മീഡിയയില്‍ ഇത്തരം Age-Gap റിലേഷന്‍ഷിപ്പ് കഥകൾ ഇന്ന് സർവ്വസാധാരണമാണ്. ജെൻ സി പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രായത്തിലുള്ളവരേക്കാൾ പക്വതയുള്ള പങ്കാളികളെ ഇഷ്ടപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. സ്വന്തം പ്രായത്തിലുള്ളവരിൽ നിന്ന് ലഭിക്കാത്ത വൈകാരിക പിന്തുണയും പക്വതയും മുതിർന്ന പങ്കാളികളിൽ നിന്ന് ലഭിക്കുന്നുവെന്ന് ഇവർ കരുതുന്നു. ജെൻ സി യുവതികൾ കൂടുതൽ പുരോഗമനപരമായ നിലപാടുകൾ ഉള്ളവരായി മാറുമ്പോൾ, പലപ്പോഴും അതേ പ്രായത്തിലുള്ള പുരുഷന്മാർ പഴയ ചിന്താഗതികളിൽ ഉറച്ചുനിൽക്കുന്നു. ഈ വൈരുദ്ധ്യം യുവതികളെ മുതിർന്ന പങ്കാളികളിലേക്ക് ആകർഷിക്കുന്നു.
മുന്‍ തലമുറകളപ്പോലെയല്ല, ജെൻ സിയുടെ പ്രണയ സങ്കല്പങ്ങൾ വ്യത്യസ്തമാണ്. ഒരു ഡേറ്റിങ് ആപ്പ് മുന്‍പ് നടത്തിയ സർവ്വേ പ്രകാരം, ജെൻ സികള്‍ 63% പേരും പ്രായവ്യത്യാസമില്ലാതെ ബന്ധങ്ങളിൽ ഏർപ്പെടാൻ തയ്യാറാണ്. ഇതിനെ ‘ജെൻ-ബ്ലെൻഡ്’ റിലേഷന്‍ഷിപ്പ് എന്നാണ് വിളിക്കുന്നത്. പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ ആരോഗ്യകരമാകുമെങ്കിലും അതിൽ ചില അപകടസാധ്യതകൾ ഉണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ബന്ധങ്ങളിൽ പ്രായം കൂടിയ ആൾക്ക് കൂടുതൽ നിയന്ത്രണാധികാരം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒരു ബന്ധം ആരോഗ്യകരമാകണമെങ്കിൽ പ്രായവ്യത്യാസമില്ലാതെ രണ്ട് പങ്കാളികൾക്കും തുല്യമായ പ്രാധാന്യവും അവകാശവും ഉണ്ടായിരിക്കണം. പ്രായം എന്ന ഘടകത്തേക്കാൾ വ്യക്തിപരമായ മൂല്യങ്ങൾക്കും പങ്കാളിയുടെ ജീവിത വീക്ഷണത്തിനുമാണ് ഇന്നത്തെ യുവതലമുറ മുൻഗണന നൽകുന്നത്.