ഒരേസമയം പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളരുണ്ട്. മള്‍ട്ടി ടാസ്കിങ് എന്ന് വിശേഷിപ്പിച്ച് പലപ്പോഴും ആളുകള്‍ ഇതില്‍ അഭിമാനം കൊള്ളാറുമുണ്ട്. ജോലിസ്ഥലത്തും മറ്റും മള്‍ട്ടി ടാക്സിങ് ഒരു അധിക യോഗ്യതയാണ്. എന്നാല്‍ ബന്ധങ്ങളിലും ഇപ്പോള്‍ മള്‍ട്ടി ടാസ്കിങ് രീതി കടന്നുവരുന്നുണ്ടെന്നാണ് പുതിയതായി കണ്ടുവരുന്ന പ്രവണത. അതേ, 2026 ലെ ഡേറ്റിങ് പ്ലേബുക്കിൽ ഒരു പുതിയ വാക്ക്കൂടി കടന്നുവന്നിരിക്കുന്നു, ‘റോസ്റ്റര്‍ഡേറ്റിങ്’.
ഒരേസമയം നാലോ അഞ്ചോ ആളുകളുമയി ഡേറ്റിങ് നടത്തുന്ന രീതിക്ക് പറയുന്ന പേരാണ് ‘റോസ്റ്റര്‍ ഡേറ്റിങ്’. ഡേറ്റിങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുക, പകല്‍ സമയങ്ങളില്‍ ഇവരുമായി ഡേറ്റുകള്‍ ആസൂത്രണം ചെയ്യുക, ഓരോ ചടങ്ങിന് ഡേറ്റിങ് പട്ടികയിലുള്ള ഓരോ ആളുകളെ ഊഴം വച്ച് കൊണ്ടുപോവുക എന്നിങ്ങനെ പോകുന്നു ഇവരുടെ രീതികള്‍. വിവാഹ റിസപ്ഷന് പോകാന്‍ ഒരാള്‍, ക്ലബ്ബില്‍ പോകാന്‍ മറ്റൊരാള്‍, സിനിമയ്ക്ക് പോകാന്‍ വേറൊരാള്‍ എന്നിങ്ങനെ ഓരോ ആഘോഷങ്ങള്‍ക്കും വെവ്വേറെ പങ്കാളികളുമായി പോകാനാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം.
റോസ്റ്റര്‍ ഡേറ്റിങ് ഒരു പുതിയ കാര്യമാണെന്നോ വിപ്ലവകരമാണെന്നോ ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ സമൂഹമാധ്യമ പേജുകളിലും ഇന്‍സ്റ്റ റീലുകളിലുമൊക്കെ ഈ ഡേറ്റിങ്ങ് അടുത്തകാലത്തായി നിറഞ്ഞിരിക്കുകയാണ്. എല്ലാവര്‍ക്കും ഈ രീതി അത്ര സുഖകരമൊന്നുമല്ലെങ്കിലും വിചിത്രമായ ഈ ഡേറ്റിങ് രീതി തിരഞ്ഞെടുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ പലതാണ്. ചിലര്‍ എല്ലാം തികഞ്ഞ പങ്കാളിയെ കണ്ടെത്താനായി ഓപ്ഷനുകള്‍ സ്വീകരിക്കുന്നു. മറ്റുചിലര്‍ ഒരു രസത്തിനായി വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. മുന്‍കാല ബന്ധങ്ങളില്‍ നിന്നുമുള്ള വൈകാരികമായ മുറിവുകളുടെ വേദന അനുഭവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ബന്ധങ്ങളില്‍ ആഴത്തിലുള്ള പ്രതിബദ്ധത ആവശ്യമല്ലെന്ന തോന്നലുകളുണ്ടായേക്കാം. ഇത്തരക്കാര്‍ക്ക് റോസ്റ്റര്‍ ഡേറ്റിങ് സ്വയം സംരക്ഷണത്തിന്‍റെ രൂപമായി മാറിയേക്കാം. അതിരുകൾ, ആശയവിനിമയം, ആത്മവിശ്വാസം എന്നിവ പരീക്ഷിക്കുന്നതിനുള്ള ഇടമായും ഈ ഡേറ്റിങ് രീതി തിരഞ്ഞെടുക്കുന്നവരുണ്ട്.
വൈകാരികമായ ആശ്രിതത്വം കുറയ്ക്കുന്ന ഒരു ഡേറ്റിങ് രീതിയാണ് റോസ്റ്റര്‍ ഡേറ്റിങ് എന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒന്നിലധികം ആളുകളുമായി ഡേറ്റിങ് നടത്തുന്നതിലൂടെ ഒരാളെ നേരത്തെ തന്നെ ആദർശവൽക്കരിക്കുന്നതിനുപകരം തങ്ങള്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ ആവശ്യം എന്ന് മനസ്സലാക്കാന്‍ വ്യക്തികളെ സഹായിക്കും. അതേസമയം നിരന്തരമായ താരതമ്യം, വൈകാരിക മരവിപ്പ്, ആഴമില്ലാത്ത ബന്ധം, മടുപ്പ് എന്നിവയിലേക്ക് ഈ ഡേറ്റിങ് രീതി നയിച്ചേക്കാം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കാലക്രമേണ, ഇത് സ്വന്തം വികാരങ്ങളിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും അടുപ്പത്തെ അർത്ഥവത്തായതിനുപകരം സ്ഥിരതയില്ലാത്തതാക്കി മാറ്റുകയു ചെയ്തേക്കാം. കൂടുതല്‍ ഉത്കണ്ഠയുള്ളവര്‍, പങ്കാളിയെ വൈകാരികമായി ആശ്രയിക്കാന്‍ താല്പര്യപ്പെടുന്നവര്‍ എന്നിവരൊന്നും ഈ ഡേറ്റിങ് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും റോസ്റ്റർ ഡേറ്റിങ്ങിനെ വഞ്ചന എന്ന് പൂര്‍ണമായി വിളിക്കാനൊന്നും സാധിക്കില്ല. എങ്കിലും വൈകാരിക ഉത്തരവാദിത്തവും പ്രതിബദ്ധതയും ഒഴിവാക്കാൻ അത് വ്യക്തികളെ പ്രേരിപ്പിച്ചേക്കാം. ഒരുപക്ഷേ ഡേറ്റിങ്ങിനിടയില്്‍ നല്ല പങ്കാളിയെ ലഭിച്ചാല്‍ പോലും മികച്ചത് എപ്പോഴും ഉണ്ടെന്ന വിശ്വാസത്തിന് ഇത് കാരണമാകും. കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞുകൊണ്ട് വഞ്ചന ഒഴിവാക്കാൻ റോസ്റ്റർ ഡേറ്റിങ്ങുകാര്‍ ശ്രമിച്ചാല്‍ തന്നെയും അത് വൈകാരികമായ അകൽച്ച സൃഷ്ടിച്ചേക്കും. ഇത് വഞ്ചനയല്ലെങ്കിലും ബന്ധത്തില്‍ നിന്ന് എപ്പോഴും പുറത്തേക്കുള്ള വഴികൾ തുറന്നിടാൻ മനസ്സിനെ പരിശീലിപ്പിക്കും. പ്രതിബദ്ധത ആവശ്യമായി വരുമ്പോൾ അത് അപകടകരമാവുകയും ചെയ്യും.
റോസ്റ്റര്‍ ഡേറ്റിങ് സിറ്റുവേഷന്‍ഷിപ്പ്, പോളിയാമറി എന്നീ രീതികളുമായി സമാനകള്‍ തോന്നുമെങ്കിലും ഇവ വ്യത്യസ്തമാണ്. റോസ്റ്റർ ഡേറ്റിംഗ് സാധാരണയായി ഹ്രസ്വകാലത്തേക്കുള്ളതും, അവ്യക്തമായ വൈകാരിക അതിരുകളാൽ അടയാളപ്പെടുത്തുന്നതുമാണ്. പ്രതീക്ഷകളെയും സമ്മതത്തെയും ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾ ഇത്തരം ബന്ധങ്ങളില്‍ കുറവാണ്. എന്നാല്‍ പോളിയാമറിയില്‍ സമ്മതം, സുതാര്യത, വൈകാരിക ഉത്തരവാദിത്തം, വ്യക്തമായ കരാറുകൾ എന്നിവയ്ക്ക് പ്രാധാന്യമുണ്ട്. ഇതിന് ഉയർന്ന വൈകാരിക പക്വത ആവശ്യമാണ്. എന്തൊക്കെയാണെങ്കിലും വൈകുന്ന വിവാഹങ്ങള്‍, സാമ്പത്തിക സ്വാതന്ത്ര്യം, ഡേറ്റിങ് ആപ്പുകൾ അങ്ങനെയുള്ള പല കാരണങ്ങളാൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഇപ്പോള്‍ റോസ്റ്റർ ഡേറ്റിങ് വർദ്ധിച്ചുവരുന്നുവെന്നുതന്നെയാണ് കണക്കുകള്‍ നല്‍കുന്ന സൂചന.