‘ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല’ എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും ചൊറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും കൈ എത്താത്ത ശരീരഭാഗങ്ങളില്‍. പുറം അടക്കം ചൊറിയാന്‍ മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള സ്ക്രാച്ചറുകളുമുണ്ട് (ചൊറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം). എന്നാല്‍ ‘ചൊറിഞ്ഞ്’ പണമുണ്ടാക്കിയാലോ? ലോകമെമ്പാടും ഇന്ന് ഇതൊരു പ്രൊഫഷണല്‍ ജോലിയാണ്! ചില്ലറ ശമ്പളമല്ല,ഒരാളുടെ മുതുകിലോ തലയിലോ ചൊറിഞ്ഞുകൊണ്ട് ആളുകൾ ഇപ്പോൾ മണിക്കൂറിൽ 9,000 രൂപ വരെയാണ് സമ്പാദിക്കുന്നത്.
പ്രൊഫഷണൽ സ്ക്രാച്ചിങ്
ഒരു തമാശയാണെന്ന് തോന്നുമെങ്കിലും പ്രൊഫഷണൽ സ്ക്രാച്ചിങ് ഇന്ന് വെല്‍നെസിന്‍റെ ഭാഗമാണിത്. സ്ക്രാച്ച് തെറാപ്പി എന്നാണിത് പരക്കെ അറിയപ്പെടുന്നത്. ന്യൂയോർക്ക് പോലുള്ള വന്‍നഗരങ്ങളിൽ, പരിശീലനം ലഭിച്ച പ്രാക്ടീഷണർമാർ സ്പാകളിലും മറ്റ് വെല്‍നെസ് സെന്‍ററുകളിലും സ്ക്രാച്ചിങ് സെഷനുകൾ നടത്തുന്നുണ്ട്. മണിക്കൂറിന് 100 ഡോളറില്‍ കൂടുതല്‍ ഈടാക്കുകയും ചെയ്യുന്നു. അതായത് ഒരു സെഷന് ഏകദേശം 9,000 രൂപയിൽ കൂടുതൽ. മസാജിനോ ഫേഷ്യലിനോ പോകുന്നപോലെ ഇന്ന് സ്ക്രാച്ച് തെറാപ്പിക്കും ആളുകള്‍ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. സ്ക്രാച്ചര്‍മാരില്‍ തന്നെ പ്രൊഫഷണൽ ബാക്ക് സ്ക്രാച്ചർമാർക്കാണ് ഡിമാന്‍റ് കൂടുതല്‍. ഇനി സ്ക്രാച്ചിങ് പഠിക്കണമെങ്കില്‍ 20,000 മുതൽ 21,000 രൂപ വരെ നിരക്കില്‍ ഓൺലൈൻ കോഴ്സുകളുണ്ട്.
ചൊറിയുന്നിടത്ത് എങ്ങിനെയെങ്കിലും മാന്തുന്നതല്ല ഈ സ്ക്രാച്ച് തെറാപ്പി. പതിയെ നിയന്ത്രിതമായ അളവില്‍ ‘ചൊറിഞ്ഞു’ കൊണ്ട് നാഡീവ്യവസ്ഥയെ റിലാക്സ് ചെയ്യിക്കാന്‍ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ സെഷനുകൾ. വൃത്തിയുള്ള നഖങ്ങൾ, സാനിറ്റൈസ് ചെയ്ത ഉപകരണങ്ങൾ, ചർമ്മ സുരക്ഷയെക്കുറിച്ചുള്ള അവബോധം, വ്യക്തി ശുചിത്വം എന്നിവയും പ്രധാനമാണ്.
സ്ക്രാച്ച് തെറാപ്പി ചർമ്മവും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നേരിയ ചൊറിച്ചിൽ തലച്ചോറിലേക്ക് ആനന്ദ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന സെൻസറി നാഡികളെ ഉത്തേജിപ്പിക്കുകയും എൻഡോർഫിനുകളുടെയും സെറോടോണിന്റെയും അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യും.
നഖങ്ങള്‍ ഉപയോഗിച്ച് ചൊറിയുമ്പോളുള്ള നേരിയ സംവേദനം പോലും തലച്ചോറിലെ റിവാർഡ് സെന്ററുകളെ ഉത്തേജിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ചൊറിച്ചിൽ ഇല്ലാത്ത ഒരു സ്ഥലത്ത് ചൊറിയുന്നത് പോലും എന്തുകൊണ്ടോ ഒരു ആനന്ദം ജനിപ്പിക്കുന്നത്. ഇത് ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഒരു ചെറിയ മസാജ് അനുഭവം നല്‍കുകയും ചെയ്യും. അതേസമയം, അനിയന്ത്രിതമായി ചൊറിയുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കും. അവിടെയാണ് പ്രൊഫഷണൽ സ്ക്രാച്ചിങ് ശ്രദ്ധേയമാകുന്നത്.