പതിറ്റാണ്ടുകളായി വിജയത്തിന്‍റെ അടയാളം എന്നത് കഠിനാധ്വാനവും, സ്ഥാനക്കയറ്റങ്ങളും, വലിയ പദവികളുമായിരുന്നു. എന്നാൽ ജെൻ സി ഈ രീതിയെ പാടെ മാറ്റുകയാണ്. ജോലിയെ ജീവിതത്തിന്‍റെ ആകെത്തുകയായി കാണുന്നതിന് പകരം, അതിനെ സാമ്പത്തിക ഭദ്രതയ്ക്കും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ഒരു മാർഗ്ഗമായി മാത്രമാണ് അവർ കാണുന്നത്. അതായത് ജെൻ സി കരിയർ മിനിമലിസം എന്ന ആശയത്തെ ഇഷ്ടപ്പെടുന്നു.
അമിതമായ ജോലിഭാരം കൊണ്ട് തളർന്നുപോകുന്നതിനേക്കാൾ, മാനസിക സന്തോഷത്തിനും സമാധാനത്തിനുമാണ് ജെൻ സി മുൻഗണന നൽകുന്നത്. കൊവിഡിന് ശേഷം വലിയ കമ്പനികൾ പോലും ജീവനക്കാരെ പിരിച്ചുവിടുന്നത് കണ്ട് വളർന്ന തലമുറയാണ് അവര്‍. അതുകൊണ്ടുതന്നെ ഒരു ജോലിയെ മാത്രം വിശ്വസിച്ച് സ്വന്തം ഐഡന്‍റിറ്റിയും ലക്ഷ്യങ്ങളും അതിൽ തളച്ചിടാന്‍ ജെന്‍ സി ഇഷ്ടപ്പെടുന്നില്ല.
പദവികളേക്കാൾ ഉപരിയായി തങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും, ക്രിയാത്മകമായി ഇടപെടാനും സമയം കണ്ടെത്താനാണ് അവർ ആഗ്രഹിക്കുന്നത്. സൈഡ് പ്രോജക്ടുകൾക്കും വ്യക്തിപരമായ വളർച്ചയ്ക്കുമാണ് ജെന്‍ സി കൂടുതൽ പ്രാധാന്യം നൽകുന്നത്. മാതാപിതാക്കളും മുതിർന്നവരും ജോലി കൊണ്ട് അനുഭവിക്കുന്ന സമ്മർദ്ദം നേരിട്ട് കണ്ടവരാണ് ജെന്‍ സി കിഡ്സ്. അതുകൊണ്ട് തന്നെ ജോലിക്ക് വേണ്ടി സ്വന്തം സന്തോഷം കളയാൻ അവർ തയ്യാറല്ല.
തങ്ങൾ ചെയ്യുന്ന ജോലിയോട് ജെന്‍ സി പൂർണ്ണമായും വിമുഖത കാണിക്കുന്നു എന്നല്ല ഇതിനർഥം. മറിച്ച്, അവര്‍ ജോലിക്ക് അമിതമായ പ്രാധാന്യം നൽകുന്നില്ല എന്നതാണ്. ചിലപ്പോള്‍ ഇതുകാരണം ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത് സാവധാനത്തിലായേക്കാം. പക്ഷേ ജെന്‍ സി കിഡ്സ് അത് കാര്യമാക്കുന്നില്ല. അവര്‍ ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുന്നവരല്ല, ജീവിക്കാന്‍വേണ്ടി ജോലി ചെയ്യുന്നവരാണ്.