denmart-unmarried

25 വയസ് കഴിഞ്ഞിട്ടും കല്യാണം കഴിച്ചില്ലെങ്കില്‍, നിങ്ങളെ മസാലകൾ കൊണ്ട് പൊതിയും, കറുവപ്പട്ട പൊടികൊണ്ട് മൂടും. മുപ്പത് വയസ് ആയിട്ടും വിവാഹിതരായില്ലെങ്കില്‍ ശരീരമാകെ കുരുമുളകുപൊടി വരെ വിതറും. അവിവാഹിതരേ പേടിക്കേണ്ടാ... സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല അങ്ങ് ഡെൻമാർക്കിലാണ്.

ഡെൻമാർക്കിലെ സിംഗിള്‍സിന് 25-ാം പിറന്നാൾ ഒരു പേടി സ്വപ്നമാണ്. പക്ഷേ ഏറെ രസകരമായ രീതിയിലാണ് ഡെൻമാർക്കുകാർ ഈ ആചാരം അനുവര്‍ത്തിച്ച് പോരുന്നത്. വിവാഹം കഴിക്കാത്ത വ്യക്തിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് അവരെ മസാലകള്‍കൊണ്ട് മൂടും. അവര്‍ക്കുള്ള ഒരു ബർത്ത് ഡേ ഗിഫ്റ്റാണിത്.  25-ാം പിറന്നാൾ ആഘോഷമാക്കാനും രസകരമാക്കാനുമുള്ള മാർഗമായിട്ടാണ് ഡെൻമാർക്കുകാർ ഈ ആചാരത്തെ കാണുന്നത്. അതിന് പിന്നിൽ ചെറുതല്ലാത്ത ഒരു ചരിത്രവുമുണ്ട്.

ഈ മസാല മൂടൽ ആചാരത്തിന്‍റെ ആരംഭം അങ്ങ് പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നാണ്. അന്ന് ഡെന്മാർക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരികൾ കച്ചവടവുമായി ബന്ധപ്പെട്ട് എപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഒരു സ്ഥലത്തും സ്ഥിരതാമസമാക്കാതെ വ്യാപാരം ചെയ്തു നടക്കുന്നവര്‍. അതുകൊണ്ടുതന്നെ അവർക്ക് ജീവിതപങ്കാളികളെ കണ്ടെത്താൻ പ്രയാസമായിരുന്നു. അങ്ങനെയുള്ള പുരുഷന്‍മാരെ ‘പെബേർസ്വെൻഡ്സ്’ എന്നും സ്ത്രീകളെ ‘പെബർമോ’ എന്നും വിളിച്ചുപോന്നു. പ്രായപൂർത്തി ആയിട്ടും വിവാഹിതരാകാത്തവരെ ഈ വ്യാപാരികളോട് ഉപമിച്ചാണ് മസാലയിൽ കുളിപ്പിക്കുന്ന ആചാരം ഡെൻമാർക്കില്‍ ആരംഭിച്ചത്.

സിംഗിള്‍ പസങ്കകളെ ഡെൻമാർക്കുകാര്‍ പൊതിയുന്നത് പലവിധമാണ്. തല മുതല്‍ കാല്‍ വരെ മൂടുന്ന തരത്തിൽ ശരീരമാകെ പൊടികൾ, പ്രത്യേകിച്ച് കറുവപ്പൊടി വര്‍ഷിക്കും. അത് പോകാതിരിക്കാൻ വെള്ളവും തളിച്ചു കൊടുക്കും. ഇതിന് പുറമെ ചിലര്‍ മുട്ട പൊട്ടിച്ച് കലക്കി ദേഹത്ത് പുരട്ടും. 25 വയസ് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുകയാണെങ്കില്‍ പിന്നീടുള്ള പിറന്നാള്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കും. അതായത് പിന്നീട് മൂടാന്‍ സുഹൃത്തുക്കൾ കൂടുതൽ രൂക്ഷമായ പൊടികള്‍ തിരഞ്ഞെടുക്കും. മുപ്പത് വയസൊക്കെ എത്തുമ്പോൾ കുരുമുളകുപൊടി വരെ ദേഹത്ത് വിതറും.

എന്നാൽ ഇതൊക്കെ വെറും ആഘോഷമാണ്, വ്യക്തികളെ അപമാനിക്കാനോ ദ്രോഹിക്കാനോ ചെയ്യുന്നതല്ല. നമ്മുടെ നാട്ടിലേതുപോലെ അവിവാഹിതരാണ് എന്നതിന്‍റെ പേരിൽ ഡെന്മാർക്കുകാർ ആരെയും ശല്യപ്പെടുത്താറില്ല, കല്യാണം കഴിക്കാത്തതെന്തേ എന്ന് ചോദിച്ച് ഉപദ്രവിക്കാറില്ല. ഡെൻമാർക്കിൽ പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം 34 ആണ്. സ്ത്രീകളുടേത് 32 ഉം. അതായത് അവര്‍ ഇതൊക്കെ ഒരു ഫണ്ണിനുവേണ്ടി ചെയ്യുന്നതാണ്... അല്ലാതെ ട്രബിള്‍ മേയ്ക്കേര്‍സല്ല.

ENGLISH SUMMARY:

Denmark unmarried birthday tradition involves playfully covering single individuals with spices on their 25th birthday. This tradition, originating from spice traders in the 15th century, is a fun way for friends and family to celebrate and tease unmarried individuals.