Photo: x
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് തുറന്നുപറഞ്ഞ് ഇലോണ്‍ മസ്കിന്‍റെ മുന്‍ കാമുകിയും മസ്കിന്‍റെ ഒരുവയസുള്ള കുഞ്ഞിന്‍റെ അമ്മയുമായ ആഷ്ലി സെന്‍റ് ക്ലയര്‍. മസ്‌കിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ 'ബാഡ് അഡ്വൈസ് ' എന്ന പേരിലുള്ള പുതിയ പോഡ്കാസ്റ്റിലൂടെയാണ് തന്‍റെ കരിയറിലെയും ജീവിതത്തിലെയും പോരാട്ടങ്ങളെക്കുറിച്ച് ആഷ്ലി സംസാരിച്ചത്. ഒരു വയസുള്ള റോമുലസിന്‍റെ സംരക്ഷണാവകാശത്തിന്‍റെ പേരില്‍ മസ്‌കുമായി നിയമപോരാട്ടം നടത്തുകയാണ് 26കാരി .
പോഡ്കാസ്റ്റിന്‍റെ ആദ്യ എപ്പിസോഡിലാണ് ആഷ്ലി സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞത്. ഒരു വര്‍ഷത്തെ ആസൂത്രിതമല്ലാത്ത കരിയര്‍, തെറ്റായ ജീവിത തിരഞ്ഞെടുപ്പുകള്‍ എന്നിവ കാരണം ഏറെ ശ്രമിച്ചിട്ടും പുതിയ ജോലി ലഭിച്ചില്ലെന്നും തുടര്‍ന്നാണ് പോഡ്കാസ്റ്റ് ഷോ തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കുഞ്ഞിന്‍റെ പിതാവ് ആരാണ് എന്നത് രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്നും മസ്‌ക് വാഗ്ദാനം ചെയ്ത 128 കോടി രൂപ നിരസിച്ചുവെന്നും ആഷ്‌ലി മുന്‍പ് പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് തന്‍റെ കുഞ്ഞിന്‍റെ പിതാവ് മസ്‌ക് ആണെന്ന് ആഷ്‌ലി വെളിപ്പെടുത്തിയത്.
മസ്‌ക് ബീജം ദാനം ചെയ്തതല്ലെന്നും സെന്റ് ബാര്‍ട്സിലെ പുതുവത്സര ആഘോഷവുമായ ബന്ധപ്പെട്ട അവധിക്കാലത്താണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെന്നും 26-കാരിവ്യക്തമാക്കിയിരുന്നു. 2023-ലാണ് മസ്‌കുമായുള്ള ബന്ധം ആരംഭിച്ചതെന്നും യുവതി വെളിപ്പെടുത്തി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു മസ്‌കിന്‍റെ ആവശ്യം. സാധാരണ പ്രസവം കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയെ പരിമിതപ്പെടുത്തുമെന്ന് മസ്‌ക് വിശ്വസിച്ചിരുന്നു. മകന്‍റെ ചേല കര്‍മം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ജൂതമത വിശ്വാസിയായ താന്‍ അതിനയി വാശി പിടിച്ചുവെന്നും ആഷ്ലി പറഞ്ഞിരുന്നു.
മസ്‌കിന്‍റെ 14-ാമത്തെ കുട്ടിയാണ് റോമുലസ്. ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണില്‍ ഇലോണ്‍ മസ്കിന് ആറ് കുട്ടികളുണ്ട്. ഗായിക ഗ്രംസില്‍ മൂന്ന് കുട്ടികളും ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോൺ സിലിസില്‍ നാലു കുട്ടികളും മസ്കിനുണ്ട്. ഒരു മകന്‍ 2022ല്‍ മരണപ്പെട്ടു. ആഷ്ലിയുടെ കുഞ്ഞ് തന്‍റെത് തന്നെയോ എന്ന് തനിക്ക് അറിയില്ലെന്നും അത് കണ്ടെത്താനുള്ള പരിശോധനയ്ക്ക് തയ്യാറാണെന്നും മസ്‌ക് പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് കോടതി ഉത്തരവുപ്രകാരം നടന്ന പിതൃത്വ പരിശോധനയില്‍ മസ്ക് തന്നെയാണ് റോമുലസിന്‍റെ പിതാവെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.