പാവകളുടെ ലോകത്തെ രാജ്ഞിയായ ‘ബാര്‍ബി’ കുട്ടികളെയും മുതിര്‍ന്നവരെയും ഒരിക്കലും നിരാശപ്പെടുത്താറില്ല. 66 വര്‍ഷത്തിനിടെ പല രൂപത്തില്‍ രംഗത്തുവന്ന ബാര്‍ബിയുടെ ഏറ്റവും പുതിയ ഭാവപ്പകര്‍ച്ചയും അങ്ങനെ തന്നെ. പ്രമേഹരോഗികളായ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പുതിയ ബാര്‍ബിയുടെ വരവ്.
നീല പോൾക്ക ഡോട്ട് ടോപ്പും സ്കർട്ടുമാണ് വേഷം. ദേഹത്ത് ഇൻസുലിൻ പമ്പും ഗ്ലൂക്കോസ് മോണിട്ടറും. ഇടതുകയ്യിലെ ബാഗിൽ അടിയന്തര ഘട്ടങ്ങളിൽ കഴിക്കേണ്ട ലഘു ഭക്ഷണങ്ങളും ഡയബറ്റിക്സ് മോണിറ്ററിംഗ് ആപ്പുള്ള മൊബൈൽ ഫോണും. ടൈപ്പ് വൺ പ്രമേഹ രോഗികളുടെ ദൈനംദിന ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണ് രൂപകൽപ്പന. പ്രമേഹ അവബോധത്തിന്റെ ഭാഗമാണ് നീല പോൾക്ക ടോപ്.
കുട്ടികളില്‍ ടൈപ്പ് വൺ പ്രമേഹം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരെ അതേപ്പറ്റി ബോധവല്‍കരിക്കുക എന്നതാണ് പുതിയ ബാർബിയുടെ ലക്ഷ്യമെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റും മാറ്റൽ ഗ്ലോബൽ ഹെഡുമായ ക്രിസ്റ്റ ബെർഗർ അറിയിച്ചു. പ്രേമേഹത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രേക്ക് ത്രൂ T1–Dയുമായി സഹകരിച്ചാണ് മാറ്റൽ കമ്പനി പുതിയ പാവകളെ വിപണിയിലെത്തിച്ചത്.
വാഷിങ്ടണിൽ നടന്ന ബ്രേക്ക് ത്രൂ T1D ചിൽഡ്രൺസ് കോൺഗ്രസിൽ ആണ് പുതിയ ബാർബി ഡോളിനെ പുറത്തിറക്കിയത്. പാവയെ പരിചയപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിനെ പ്രകീർത്തിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളില്‍ പ്രമേഹരോഗികളോട് സഹാനുഭൂതി ഉണ്ടാവുക എന്ന ആശയത്തോട് സഹകരിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുകെ ആസ്ഥാനമായ ബ്രേക്ക് ത്രൂ T1D സിഇഒ കാരെൻ ആഡിംഗ്ടൺ പറഞ്ഞു.
1959ലാണ് മാറ്റൽ ബാർബി ഡോളുകൾ അവതരിപ്പിച്ചത്. വെള്ളയും കറുപ്പും ഇടകലർന്ന നീന്തൽ വസ്ത്രമായിരുന്നു ആദ്യ വേഷം. അതിവേഗം വിപണി കീഴടക്കിയതോടെ ബാർബി പല രൂപത്തിൽ വന്നു. ബഹിരാകാശ യാത്രികയായ ബാർബി, ഡേ ആൻഡ് നൈറ്റ് ബാർബി, പ്രസിഡന്റ് സ്ഥാനാർഥിയായ ബാർബി, വീൽചെയറിൽ ഇരിക്കുന്ന ബാർബി, അന്ധയായ ബാർബി തുടങ്ങിയവ ഉദാഹരണം. ഇതിനെല്ലാം അർത്ഥങ്ങളും ഉണ്ടായിരുന്നു. ഈ ശ്രേണിയില്‍ ഒടുവിലത്തേതാണ് പ്രമേഹ രോഗിയായ ബാർബി.