TOPICS COVERED

ഗർഭാവസ്ഥയിൽ പ്രമേഹത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് മിക്ക ഗര്‍ഭിണികളും. പലര്‍ക്കും വിട്ടുമാറാത്ത ഒരു രോഗാവസ്ഥ പോലെയാണ് ഇത്. ലക്ഷക്കണക്കിന് ആളുടെ ബാധിക്കുന്ന പ്രമേഹം ഗര്‍ഭകാലത്ത് കൈകാര്യം ചെയ്യുക എളുപ്പമല്ല.  അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ തന്നെ പ്രമേഹത്തെ ഈ സമത്ത് പിടിച്ചുനിര്‍ത്തേണ്ടത് ആവശ്യമാണ്. പ്രമേഹം ഉള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഉണ്ടാകിനിടയുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു സ്ത്രീ ഗർഭിണിയാകുന്നതിന് മുമ്പേ അവര്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ പ്രീ-എക്സിസ്റ്റിംഗ് പ്രമേഹം എന്നാണ് പറയാറ്. ഇതിൽ ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും ഉൾപ്പെടുന്നു. ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത ഒരു ഓട്ടോഇമ്മ്യൂൺ അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഈ അവസ്ഥ സാധാരണയായി കുട്ടിക്കാലത്തോ യൗവനാരംഭത്തിലോ ആണ് തിരിച്ചറിയുക. ടൈപ്പ് 2 പ്രമേഹം ശരീരം ഊർജ്ജത്തിനായി പഞ്ചസാര (ഗ്ലൂക്കോസ്) എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ബാധിക്കുന്നു. ഇത് ശരീരത്തെ ഇൻസുലിൻ ശരിയായി ഉപയോഗിക്കുന്നതിൽ നിന്ന് തടയും. ഇത് ചികിത്സിച്ചില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിലേക്ക് നയിച്ചേക്കാം. ഇത് തീര്‍ത്തും ഗർഭകാല പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമാണ്, കാരണം സ്ത്രീകൾക്ക് ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം സാധാരണയായി പ്രസവശേഷം മാറും എന്നാല്‍ പ്രീ-എക്സിസ്റ്റിംഗ് പ്രമേഹം വീണ്ടും നിലനില്‍ക്കും.

നിലവിലുള്ള പ്രമേഹം ഗർഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?

ടൈപ്പ് 1 ഉം ടൈപ്പ് 2 പ്രമേഹവും ഗർഭകാല സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അപകട ഘടകങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്നിരിക്കുമ്പോൾ, അത് ചില പ്രശ്നങ്ങള്‍ക്ക് കാരണമാകും. കുഞ്ഞിന്‍റെ ഭാരം കൂടുക, ഗർഭം അലസൽ,  വൈകല്യങ്ങൾ,  ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍  തുടങ്ങിയവയ്ക്ക്  അത്  കാരണമാകാം.

പ്രമേഹം ഉള്ള സ്ത്രീയുടെ ഗർഭസ്ഥ ശിശുവിന് 9 പൗണ്ടിൽ കൂടുതൽ ഭാരം വരുന്ന ഫീറ്റൽ മാക്രോസോമിയ എന്ന അവസ്ഥ ഉണ്ടാകാനും ഇത് മൂലം പ്രസവസമയത്ത് പരിക്കുകള്‍  ഉണ്ടാകാനുള്ള  സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.  സഞ്ചിയിൽ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് വർദ്ധിക്കുന്നതുമൂലം   മാസം തികയാതെയുള്ള പ്രസവ സാധ്യതയും വർദ്ധിക്കുകയും ചെയ്യും.

പ്രമേഹമുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക്   ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. മിക്ക കുട്ടികളും ആരോഗ്യത്തോടെ ജനിക്കുമ്പോൾ തന്നെ   രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ശ്വസന ബുദ്ധിമുട്ടുകൾ, മഞ്ഞപ്പിത്തം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും  പ്രതീക്ഷിക്കാം. ചില സന്ദർഭങ്ങളിൽ ഈ അവസ്ഥകൾക്ക് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രത്യേക പരിചരണം ആവശ്യമായി വന്നേക്കാം. കൂടാതെ, പ്രമേഹമുള്ളവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീടുള്ള ജീവിതത്തിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭകാലത്ത് പ്രമേഹം ഉണ്ടാകുന്നത് അമ്മമാര്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. വലിപ്പം കൂടിയ കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യത കൂടുതലായതിനാൽ, സാധാരണ പ്രസവത്തിനുപകരം സി-സെക്ഷൻ ആവശ്യമായി വരാനുള്ള സാധ്യതയും കൂടുതലാണ്. 

അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം

* ഗർഭധാരണത്തിനു മുമ്പ് പ്രമേഹം നന്നായി നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക. 

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക.

* പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഇൻസുലിൻ, മരുന്നുകൾ, മറ്റ് ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള ഡോക്ടറുടെ   നിർദ്ദേശങ്ങൾ പാലിക്കുക. 

* ശാരീരികമായി സജീവമായിരിക്കുക. 

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക .

* മദ്യവും പുകയില ഉൽപ്പന്നങ്ങളും ഒഴിവാക്കുക.

* നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കുക.

ENGLISH SUMMARY:

If you're a pregnant woman with diabetes, it's crucial to manage your health carefully. Learn important tips for a safe and healthy pregnancy journey.