'നീ ഒരു സൈക്കോ ആണല്ലോടാ' എന്ന് ആരെങ്കിലും കളിയാക്കിയിട്ടുണ്ടോ? നിങ്ങള്‍ സൈക്കോ ആണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? എങ്കില്‍ സംശയിക്കേണ്ട നിങ്ങള്‍ അതീവ ആകര്‍ഷണീയത ഉള്ള വ്യക്തി ആകാന്‍ സാധ്യത ഏറെയാണെന്ന് പഠനം. ഇത്രയും വായിച്ച് പുളകം കൊള്ളുകയാണെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ ശരിക്കും സൈക്കോ തന്നെയായിരിക്കും.
ഇനി കാര്യത്തിലേക്ക് വരാം. 'അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്ന ചിത്തരോഗി' എന്നതാണ് മലയാളത്തില്‍ സൈക്കോ അഥവാ സൈക്കോപാത്തിന്‍റെ അര്‍ഥം. പുതിയ പഠനങ്ങളില്‍ സൈക്കോകള്‍ അല്ലെങ്കില്‍ ഇരുണ്ട ചിന്താഗതിയുള്ള ആളുകള്‍ അതീവ ആകര്‍ഷണീയത ഉള്ളവരായിരിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു.
സ്വഭാവത്തിലും പെരുമാറ്റത്തിലും അസാധാരണമായ കൃതിമത്വം കാണിക്കുന്നവരും ഇവരുടെ രൂപവും താരതമ്യപ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മറ്റുള്ളരെ അനായാസം സ്വാധീനിക്കാനും പുതുതായി പരിചയപ്പെടുന്നവരെ പെട്ടെന്ന് വിശ്വസിപ്പിക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും.
വ്യക്തിത്വങ്ങളെക്കുറിച്ചും വ്യക്തിഗത പ്രതിഭാസങ്ങളെക്കുറിച്ചും പഠനം നടത്തിയ ജേര്‍ണലിന്‍റെ നിഗമനമനുസരിച്ച്, അപരിചിതരുടെ വിശ്വാസ്യത എങ്ങനെയാണ് ആളുകള്‍ തീരുമാനിക്കുന്നത് എന്ന് പ്രതിപാദിക്കുന്നു. ഇതിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ശാരീരിക രൂപത്തെക്കുറിച്ചുള്ള ഭാഗത്തില്‍ മൂടിവയ്ക്കപ്പെട്ട ഇരുണ്ട സ്വഭാവമുള്ള ആളുകള്‍ ഏറ്റവും വിശ്വസനീയരാണെന്ന് തോന്നുമെന്ന് കണ്ടെത്തി. ഇതില്‍ സൈക്കോപാത്തുകളും, മാക്കിയവെല്ലനിസ്റ്റുകളും (സ്വാര്‍ഥ താല്‍പര്യത്തിനായി ആളുകളെ ദുരുപയോഗം ചെയ്യുന്നവര്‍), നാര്‍സിസിസ്റ്റുകളും (ആത്മരതിയില്‍ അഭിരമിക്കുന്നവര്‍) അടങ്ങുന്നു.
600 സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ സൈക്കോപ്പാത്തുകളെയാണ് കൂടുതലാളുകളും വിശ്വസിക്കാവുന്നവരായി തിരഞ്ഞെടുത്തത്. ഇത്തരം ആളുകളുെട മുഖത്തിന്‍റെ ഘടന വളരെ ആകര്‍ഷണിയമായിരിക്കുമെന്ന് പഠനം നിരീക്ഷിച്ചു. ഇവരുടെ മുഖത്ത് നേതൃപാഠവം, ആധിപത്യം, എക്സ്ട്രോവെര്‍ട്ട് സ്വഭാവം എന്നിവ ഉള്ളതായും കണ്ടെത്തി. 2000ത്തില്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൈക്കോ എന്ന സിനിമയില്‍ നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രമായ പാട്രിക്ക് ബേറ്റ്മാനോട് ആളുകള്‍ക്ക് ആരാധന തോന്നുന്നതിന് കാരണം ഇതാണെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.