Image: FB Post, Mohan Roy Gopalan

 ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ വിഡിയോ പങ്കുവച്ച ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങളും പോസ്റ്റുകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതില്‍ ലൈംഗികാരോപണം നേരിടുന്ന പുരുഷന്‍റെയും പരാതി ഉന്നയിക്കുന്ന സ്ത്രീയുടേയും മാനസികാവസ്ഥയെക്കുറിച്ചും ഇക്കാലത്തെ സോഷ്യല്‍മീഡിയ ഇടപെടലിനെക്കറിച്ചും വിശദമായി പ്രതിപാദിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സൈക്യാട്രി പ്രഫസര്‍ മോഹന്‍‌റോയ് ഗോപാലന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.

മരണം ആരേയും വിശുദ്ധനാക്കുന്നില്ലെന്നും അതേസമയം ആത്മഹത്യ ചെയ്തതുകൊണ്ടു മാത്രം നിരപരാധിയെ കുറ്റവാളിയാണെന്ന് വിധിക്കരുതെന്നും അദ്ദേഹം പറയുന്നു. പെട്ടെന്നുണ്ടാകുന്ന ആരോപണങ്ങള്‍ അഭിമാനത്തേയും വ്യക്തിത്വത്തേയും മോശമായി ബാധിക്കും. അപ്രതീക്ഷിത ആഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറയുന്നു. താനൊരു നല്ല വ്യക്തിയാണെന്ന ആത്മബോധം തകര്‍ന്നാല്‍ വലിയ മാനസിക പ്രതിസന്ധി സ‍ൃഷ്ടിക്കും. ജീവിതത്തിലും തൊഴിൽ-സാമൂഹിക ബന്ധങ്ങളിലും ഭാവി അനിശ്ചിതമാകുന്നു എന്ന തോന്നലുണ്ടാകും. അപരിചിതരായ ആളുകൾ പോലും തന്നെക്കുറിച്ച് വിധി പറയുന്ന സാഹചര്യം ലജ്ജ, അപമാനം, ഭയം, ഒറ്റപ്പെടൽ എന്നിവ വർധിപ്പിക്കും. സ്വന്തം ഭാഗം വിശദീകരിക്കാൻ കഴിയില്ലെന്നും, കാര്യങ്ങൾ നിയന്ത്രണാതീതമാണെന്നും തോന്നുമ്പോൾ കടുത്ത നിരാശയും മാനസിക തളർച്ചയും അനുഭവപ്പെട്ട് അടുത്ത സാധ്യമായ തീരുമാനങ്ങളിലേക്ക്എളുപ്പമെത്തും.

ഇത്തരമൊരു പരാതി ഉന്നയിച്ച സ്ത്രീയുടെ ഭാഗത്തു നിന്നും നോക്കിയാല്‍ തെറ്റായ സ്പർശം ഉണ്ടായെന്ന വിശ്വാസം ഉണ്ടെങ്കിൽ ഭയം, സുരക്ഷിതത്വമില്ലായ്മ ,കോപം, നീതി തേടാനുള്ള ആഗ്രഹം എന്നിവ സ്വാഭാവികമായി അവരിലുണ്ടാകും.

ബസുപോലുള്ള തിരക്കേറിയ ഇടങ്ങളിൽ അപകടസാദ്ധ്യതകളുള്ള സ്പർശങ്ങൾ സംഭവിക്കാമെങ്കിലും മുൻപുണ്ടായ മോശമായ അനുഭവങ്ങളും മാനസികാവസ്ഥയും സാമൂഹിക പശ്ചാത്തലവുമെല്ലാം പല വ്യാഖ്യാനങ്ങളിലേക്കുമെത്തിച്ചേക്കാം. ഇത്തരം സംഭവങ്ങളില്‍ സോഷ്യല്‍മീഡിയയുടെ മനോഭാവത്തെക്കുറിച്ചും കുറിപ്പില്‍ വിശദമായി പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആൾക്കാരിലേക്ക് എത്തിച്ചേരുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണങ്ങളും പിന്നീട് സംഭവിക്കുന്ന സാഹചര്യങ്ങളും വിശദമായി കുറിപ്പില്‍ പറയുന്നു.

ENGLISH SUMMARY:

Sexual harassment accusation and its impact are severe, especially with social media involvement. This can cause immense psychological distress for both the accused and the accuser, leading to devastating consequences.