AI Generated Images

TOPICS COVERED

മദ്യപാനം എത്രയും പെട്ടന്ന് നിര്‍ത്തുന്നോ ശരീരത്തിന് അത്രയും നല്ലതാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താന്‍ ഒരു  പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിന്റെ പഠനമനുസരിച്ച് ആളുകളുടെ മദ്യത്തോടുള്ള പ്രതികരണം അവരുടെ പ്രായത്തിനനുസരിച്ച് മാറുന്നു. 65 വയസിന് ശേഷം ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെ മദ്യം കുടിക്കുമ്പോള്‍ അത് ശരീരത്തില്‍ കൂടുതല്‍ സമയം നില്‍ക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ശരീരത്തില്‍ മദ്യം നിലനില്‍ക്കുംമ്പോള്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുടെ മരുന്നുമായി ഇടപഴകാന്‍ കാരണമാകും. അത് മത്രമല്ല മദ്യപിച്ചുണ്ടാകുന്ന വീഴ്ചകള്‍ 65 വയസ് കഴിഞ്ഞവരില്‍ എല്ലു പൊട്ടല്‍  പോലുളളവയുടെ സാധ്യതയും കൂട്ടും. 

അമേരിക്കൻ ന്യൂറോളജിസ്റ്റ് ഡോ. റിച്ചാർഡ് റെസ്റ്റാക്ക് പറയുന്നത് അനുസരിച്ച് മദ്യപാനത്തിന്റെ അപകടസാധ്യതകൾ തലച്ചോറിലേക്ക് പോലും വ്യാപിക്കുന്നു. മദ്യം അപകടകാരിയായ ന്യൂറോടോക്സിന്‍ ആണ്. ഇത് നാഡീ കോശങ്ങള്‍ക്ക് ഒട്ടും നല്ലതല്ല. അതിനാല്‍ തന്നെ പ്രായമായവര്‍ തുടര്‍ച്ചയായി മദ്യപിക്കുന്നത് കൂടുതല്‍ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും.

65 വയസാകുംമ്പോള്‍ മദ്യപാനത്തില്‍ കുറവ് വരുത്തണമെന്നും വൈകാതെ പൂര്‍ണമായി ഉപേക്ഷിക്കണമെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം. അല്ലെങ്കില്‍ ക്രമേണെ അത് ഡിമന്‍ഷ്യ, കാന്‍സര്‍ കരളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയിലേക്കും നയിക്കും എന്നും പഠനം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Alcohol consumption is detrimental to health, especially for older adults. Studies suggest that individuals over 65 should minimize or cease alcohol intake due to increased health risks and potential interactions with medications.