വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് ഇന്നലെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍ പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്ന്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റിന് ആഡംബരപൂര്‍ണവും അതേസമയം, പൂര്‍ണ സസ്യാഹരവുമാണ് രാഷ്ട്രപതി ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച വിരുന്നില്‍ ഒരുക്കിയത്. ഇന്ത്യയുടെ പ്രാദേശിക വിഭവങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരമ്പരാഗത 'താലി'യാണ് ഒരുക്കിയിരുന്നത്. ഈ രുചിവൈവിധ്യമാണ് ശ്രദ്ധേയമാകുന്നത്.
അത്താഴ വിരുന്നിന്‍റെ മെനു
മുരിങ്ങ ഇലയും ചെറുപയറും ചേർത്ത ദക്ഷിണേന്ത്യൻ വിഭവം മുരുങ്കേലൈ ചാരു എന്ന രസത്തില്‍ നിന്നാണ് അത്താഴ വിരുന്ന് ആരംഭിച്ചത്. പിന്നാലെ കാശ്മീരി വാൽനട്ട് ഉപയോഗിച്ചുകൊണ്ടുള്ള ചട്ണി ഗുച്ചി ഡൂൺ ചേതിൻ എത്തി. കാലെ ചെയിൻ കെ ഷികാംപുരി (പാൻ-ഗ്രിൽ ചെയ്ത കറുവപ്പട്ട അടങ്ങിയ കബാബ്), പച്ചക്കറികള്‍ നിറച്ച ജോൾ മോമോയും എരിവുള്ള ചട്ണിയും പുട്ടിന് വിളമ്പി. ഇന്ത്യയുടെ പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ വിളിച്ചോതുന്നതായിരുന്നു വിഭവങ്ങള്‍.
ALSO READ: പുട്ടിനൊപ്പം യാത്ര ‘ഫോർച്യൂണറി’ലാക്കി മോദി; കാരണം തിരഞ്ഞ് ലോകം ...
സഫ്രാനി പനീർ റോൾ, പാലക് മേത്തി മട്ടർ കാ സാഗ്, തന്തൂരി ഭർവൻ ആലൂ, ആചാരി ബൈംഗൻ, ദാൽ തഡ്ക, ഡ്രൈ ഫ്രൂട്ട്, കുങ്കുമപ്പൂവ് പുലാവ് എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ ബ്രെഡുകളായ ലച്ച പരന്ത, മഗസ് നാൻ, സതനാജ് റൊട്ടി, മിസ്സി റൊട്ടി, ബിസ്‌കു എന്നിവയും പ്രധാന മെനുവായി വിളമ്പി. ബദാം ഹൽവ, കേസർ-പിസ്ത കുൽഫി, പഴങ്ങൾ, ഗുർ സന്ദേശ്, മുറുക്ക് തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും വിവിധതരം അച്ചാറുകൾ, സാലഡുകൾ വിരുന്നില്‍ വിളമ്പിയിരുന്നു. മാതളനാരങ്ങ, ഓറഞ്ച്, കാരറ്റ്, ഇഞ്ചി എന്നിവ ചേര്‍ന്ന ജ്യൂസാണ് കുടിക്കാനായി ഒരുക്കിയത്.
ഭക്ഷണം മാത്രമല്ല, രാഷ്ട്രപതി ഭവൻ ബാൻഡിന്‍റെ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും റഷ്യൻ സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷന്‍ സംഗീത പ്രകടനവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് എന്നിവരും വിരുന്നില്‍ പങ്കെടുത്തു. അത്താഴത്തിന് മുമ്പ് മോദി പുട്ടിന് ഉപഹാരങ്ങളും കൈമാറി. അസം ബ്ലാക്ക് ടീ, മുർഷിദാബാദ് സിൽവർ ടീ സെറ്റ്, കൈകൊണ്ട് നിർമ്മിച്ച വെള്ളി പാത്രങ്ങള്‍, റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത, കശ്മീരി കുങ്കുമപ്പൂവ്, മാര്‍ബിള്‍ ചെസ്സ് സെറ്റ്, വെള്ളിയില്‍ തീര്‍ത്ത കുതിര എന്നിവയാണ് മോദി ഉപഹാരമായി നല്‍കിയത്.