ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആവി പറക്കുന്ന ചായ. അതില്‍പരമൊരാനന്ദമുണ്ടോ? അങ്ങിനെ ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും . എവിടെ താമസിച്ചാലും ഇന്ത്യക്കാര്‍ക്ക് ചായ ഒഴിച്ചുകൂടാകാത്ത പാനീയമാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ റയില്‍വേ പാന്‍ട്രി വരെ എല്ലാവരും ഒരേസ്വരത്തില്‍ ചായ ചോദിക്കും.
ഇങ്ങനെ ഒഴിച്ചുകൂടാനാകാത്ത ചായയിലേക്ക് പാലൊഴിച്ചു തുടങ്ങിയത് എന്നുമുതലാണ് . അതിനുമുണ്ട് ഒരു ചരിത്രം. സത്യത്തില്‍ ഈ ചായ ഇന്ത്യനല്ല. ഇന്ത്യയിലേക്ക് എത്തിയതാണ് . എത്തിച്ചതാകട്ടെ ഇന്ത്യയെ ഒരുകാലത്ത് അടക്കിവാണ ഈസ്റ്റ് ഇന്ത്യാകമ്പനിയും.
എന്നുകരുതി ചായപ്പൊടിയുടെ കുത്തക ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാണെന്ന് കരുതരുത്. ചൈനക്കാരായിരുന്നു ലോകത്തെ തന്നെ വന്‍കിട തേയിലഉല്‍പാദകര്‍ . ആ കുത്തക പൊളിക്കാനാണ് ഈസ്റ്റ് ഇന്ത്യ കമ്പനി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയിലെ മലയോരമേഖലകളില്‍ വന്‍തോതില്‍ തേയിലകൃഷി തുടങ്ങിയത്.
കൃഷി തുടങ്ങിയപ്പോള്‍ ഇന്ത്യക്കാരൊന്നും കമ്പനിയുടെ ചിന്തയിലേ ഉണ്ടായിരുന്നില്ല. ഇവിടെ തേയില ഉല്‍പാദിപ്പിച്ച് യൂറോപ്പിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു ലക്ഷ്യം.
ബ്രിട്ടീഷുകാരുടെ ചായകുടി കണ്ട് കണ്ടാണ് ഇന്ത്യാക്കാരിലും ഈ ശീലം വന്നത് . കമ്പനിക്ക് ലക്ഷ്യം ലാഭമായിരുന്നു. യൂറോപ്പിലായാലും ഇന്ത്യയിലായാലും ചായപ്പൊടി വിറ്റ് പത്ത് കാശുണ്ടാക്കാന്‍ അതോടെ കമ്പനി തീരുമാനിച്ചു. അതിനായി ഇന്ത്യാക്കാരുടെ ചായകുടി പ്രോല്‍സാഹിപ്പിക്കാനും തുടങ്ങി.
കട്ടന്‍ചായ കുടിപ്പിച്ചായിരുന്നു തുടക്കം . കുടിക്കുമ്പോള്‍ ഒരുന്മേഷമൊക്കെയുണ്ടെന്ന് കണ്ടപ്പോള്‍ തൊഴിലാളികളടക്കം എല്ലാവരും ചായയിലേക്ക് തിരിഞ്ഞു പിന്നെ ചായക്ക് രുചികൂട്ടാനാനായി പരിശ്രമം . ചായയ്ക്കും മുമ്പേ ഇന്ത്യന്‍ അടുക്കളകളില്‍ പാല്‍ സുലഭമായിരുന്നു. എന്നാല്‍ പിന്നെ ചവര്‍പ്പുള്ള, ഉന്മേഷം പകരുന്ന ചായയിലേക്ക് പാല്‍ ചേര്‍ത്തൊന്നു പരീക്ഷണമായാലോ എന്നായി ആലോചന. അത് വന്‍വിജയമായി .
ചവര്‍പ്പും മാറി ചായയ്ക്ക് രുചിയും കൂടി. അങ്ങിനെ പാലും പഞ്ചസാരയും ചേര്‍ത്ത് ചായയുണ്ടാക്കി തുടങ്ങി. പാല്‍ചായക്ക് ആരും പ്രതീക്ഷിക്കാത്ത ജനപ്രീതിയാണ് ലഭിച്ചത് . രാജ്യത്തെല്ലായിടത്തും വലിയ പ്രചാരം ലഭിച്ചു. അങ്ങിനെ ചായ ആര്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത പാനീയമായി മാറി.
പിന്ന പരീക്ഷണങ്ങളോട് പരീക്ഷണമായി . ഏലയ്ക്കാ ചായയും മസാലചായയും ലെമണ്‍ടീയുമെല്ലാം ഇന്ത്യാക്കാരുടെ മെനുവിലെത്തി. ചായ അങ്ങിനെ രാജ്യം മുഴുവന്‍ വ്യാപിച്ചതടെ ഒരോ പ്രദേശങ്ങളിലും അവരവരുടെ സ്വത്വമുള്ള ചായയുണ്ടാകാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ റെയില്‍വേസ്റ്റേഷനുകളിലും റോഡുവക്കിലുമെല്ലാം ചായക്കടകള്‍ വന്നു തുടങ്ങി.
പ്രഭാത ദിനചര്യകൾ മുതൽ രാത്രി വൈകിയുള്ള പഠനങ്ങളില്‍ വരെ ചായ ഒരു ആശ്വാസമായിമാറി. ഭാഷാസാംസ്കാരിക വൈവിധ്യങ്ങളുള്ള രാജ്യത്തെ ഒരുമിപ്പിക്കുന്ന ഘടകങ്ങളില്‍ ചായയുമുണ്ടെന്ന് ചുരുക്കം.