AI Generated Images
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഒരുകപ്പ് ചായ, അല്ലെങ്കില്‍ കോഫി. മിക്കയാളുകളുടെയും ജീവിതചര്യയുടെ ഭാഗമാണിത്. ചിലര്‍ക്ക് പ്രഭാതകൃത്യങ്ങള്‍ തുടങ്ങാന്‍ ഇത് കൂടിയേ കഴിയൂ. ഒരു ചായകുടിക്കാതെ ടോയിലറ്റില്‍ പോകാന്‍പോലുമാകില്ല. ഒറ്റ നോട്ടത്തില്‍ ഇത് കുഴപ്പമില്ലാത്തതും നിരുപദ്രവകരവുമായി തോന്നാമെങ്കിലും ഭാവിയില്‍ ഈ ശീലം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.
മലമൂത്ര വിസര്‍ജനത്തിനായി കഫീനെ ആശ്രയിക്കുന്നത് അനാരോഗ്യകരമെന്ന് അര്‍ഥം. സാധാരണയായി കഫീന്‍ കുടലിന്‍റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. എന്നാല്‍ ഇത് ശീലമാക്കിയാല്‍ അത് സ്വഭവിക ദഹന പ്രക്രിയയെ ബാധിക്കും. പിന്നീട് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ കഫീന്‍ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥവരും. കാപ്പിയില്‍ മാത്രമല്ല ചായയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്.
കഫീന്‍ കുടലില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കും. അതിനാല്‍ മലവിസര്‍ജനം വളരെ പെട്ടന്ന് നടക്കും. അതിനാലാണ് രാവിലെ കാപ്പിയോ ചായയോ കുടിച്ചാലുടന്‍ ടോയ്ലറ്റില്‍ പോകാനുള്ള തോന്നല്‍ വരുന്നത്. ദീര്‍ഘകാലത്തേക്ക് ഇത് തുടര്‍ന്നാല്‍ ക്രമേണെ അത് കുടലിനെ മടിയനാക്കി മാറ്റും. പിന്നീട് ചായയോ കാപ്പിയോ ഇല്ലാതെ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വരും.
അമിതമായ കഫീൻ നിർജലീകരണം, അസിഡിറ്റി, ഉറക്കക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം. ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുന്നതിനുപകരം അത് വഷളാക്കാനും കാരണമാകും. കൂടാതെ ഇത് മലബന്ധത്തിനും വഴിവെയ്ക്കും. കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും തുടര്‍ന്ന് നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
എല്ലാ ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും. കൂടാതെ രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം ചൂടുവെള്ളം ശീലമാക്കുക. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക .ഇത് വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കഫീന്‍റെ സഹായമില്ലാതെ മലവിസർജനം നടത്താൻ കുടലിനെ പരിശീലിപ്പിക്കുക . ദഹനം സുഗമമാക്കാന്‍ അതു തന്നെ നല്ലമാര്‍ഗം.