ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആ പണി മതിയാക്കി പഞ്ചസാരയും ചായപ്പൊടിയുമില്ലാതെ ചായ കുടിക്കാൻ ജനങ്ങളെ പഠിപ്പിക്കാൻ പണി തുടങ്ങിയാലോ. ഒരു കടലാസ് കപ്പിൽ ആ മാന്ത്രികവിദ്യ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് തൃശൂരിലെ ഒരു യുവാവ്.
അതുലിൻ്റെ കൈയിൽനിന്ന് ഈ പേപ്പർ കപ്പ് വാങ്ങുക.അതിൽ കുറച്ചു ചൂടുവെള്ളം ഒഴിക്കുക. കട്ടൻ റെഡി. അതുതന്നെ പല രുചികളിൽ കിട്ടും. എന്തെങ്കിലും വ്യത്യസ്തമായ ഒരു സംരംഭം തുടങ്ങണമെന്ന ചിന്ത മനസ്സിൽ കൊണ്ടുനടന്ന അതുൽ പത്തൊൻപതാം വയസ്സിലാണ് അത് യാഥാർഥ്യമാക്കിയത്.. കൂട്ടുകാരുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തപ്പോഴാണ് ചായ വിൽക്കുന്നയാൾ വെള്ളവും ചായസത്തുമെല്ലാം കൂട്ടിചേർക്കാൻ കഷ്ടപ്പെടുന്നത് കണ്ടത്. അത് ആദ്യസംരംഭത്തിലേയ്ക്ക് വഴി തെളിച്ചു. ആ സംരംഭം അതുൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തു. ഇന്ന് ഇരുപത്തിയൊന്നാം വയസ്സിൽ നിരവധി പേരാണ് ഈ പുത്തൻ ആശയത്തിൽ ആകൃഷ്ടരായിരിക്കുന്നത്.
ചൂട് ഇൻസ്റ്റന്റ് കപ്പ് എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. അതുലിൻ്റെ ഈ കൊച്ചു കണ്ടുപിടുത്തം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാണ്. ഈ മാജിക് കപ്പ്തേടി നിരവധി കച്ചവടക്കാരും എത്തുന്നുണ്ട്.