മയൊണൈസ് ഇല്ലാത്ത മന്തി സങ്കല്‍പ്പിക്കാന്‍ ആകുമോ? മന്തിയോ ഷവര്‍മയോ എന്തുതന്നെ ആയാലും കൂടെ മയോണൈസ് ഇല്ലെങ്കില്‍ രുചി അത്ര പോരാ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ നമ്മള്‍ ഏറെ ആസ്വദിച്ചുകഴിക്കുന്ന മയോണൈസിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്.
മയോണൈസ് പ്രധാനമായും ഉണ്ടാക്കുന്നത് എണ്ണ, മുട്ടയുടെ മഞ്ഞക്കരു, വിനാഗിരി (അല്ലെങ്കിൽ നാരങ്ങാനീര്), ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ്. ഈ ചേരുവകൾ, പ്രത്യേകിച്ച് എണ്ണയുടെ അളവ്, മയോണൈസിനെ ഒരു ഉയർന്ന കലോറി വിഭവമാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്
മയോണൈസിൽ കൊഴുപ്പും കലോറിയും വളരെ കൂടുതലാണ്. ഒരു ടേബിൾസ്പൂൺ മയോണൈസിൽ ഏകദേശം 90 മുതൽ 100 വരെ കലോറിയും 10 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി അമിതമായി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും അമിതവണ്ണത്തിനും, വയറിലെ കൊഴുപ്പ്(ബെല്ലി ഫാറ്റ്) കൂടാനും കാരണമാകും.
മയോണൈസിന്‍റെ അമിത ഉപയോഗം കാരണം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയേറെയാണ്. സാധാരണയായി കടകളിൽ ലഭിക്കുന്ന മയോണൈസുകളിൽ പൂരിത കൊഴുപ്പുകളും (Saturated Fats) ട്രാൻസ് ഫാറ്റുകളും (Trans Fats) അടങ്ങിയ എണ്ണയാണ് ഉപയോഗിക്കുന്നത്.
ഇത്തരം കൊഴുപ്പുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ (LDL) അളവ് വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോളിൻ്റെ (HDL) അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
മയോണൈസ് രക്തസമ്മർദ്ദം കൂട്ടാൻ സാധ്യതയുണ്ട്. അമിത ഉപയോഗവും വ്യായാമമില്ലായ്മയും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കും. മയോണൈസിലെ ഉയർന്ന കൊഴുപ്പും പ്രോട്ടീനും ദഹനവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. മന്തിക്കൊപ്പവും മറ്റും മയോണൈസ് അമിതമായി കഴിക്കുന്നത് ദഹനക്കേട്, വയറു വീർക്കൽ (Bloating), വയറുവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
മുട്ട പ്രധാന ചേരുവയായതിനാൽ, മയോണൈസ് ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്തില്ലെങ്കിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയൽ അണുബാധകൾക്ക് സാധ്യതയുണ്ട്, ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കില്‍ മയോണൈസിൽ ബാക്ടീരിയ പെട്ടെന്ന് വളരും. പല മയോണൈസുകളിലും കൂടുതൽ കാലം കേടുകൂടാതിരിക്കാൻ പ്രിസർവേറ്റീവുകളും, കൃത്രിമ ചേരുവകളും ചേർക്കാറുണ്ട്.
ഏത് ഭക്ഷണത്തിനൊപ്പമായാലും മയോണൈസ് മിതമായ അളവിൽ ഉപയോഗിക്കണം. ഒലിവ് ഓയിലോ അവോക്കാഡോ ഓയിലോ ഉപയോഗിച്ച് ഉണ്ടാക്കുന്ന മോയോണൈസുകള്‍ പൊതുവേ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കുറവാണ്. മയോണൈസിന് പകരം തൈര്, ഹമ്മൂസ് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.