കൊട്ടിഘോഷിച്ച് തുടങ്ങുന്ന ഡയറ്റുകള്‍ പലതും പൊളിഞ്ഞുപോകാനുള്ള പ്രധാന കാരണം ഷുഗര്‍ കട്ടാണ്. പഞ്ചസാരയെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാതെ ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ദിവസവും കുറച്ച് പഞ്ചസാര കഴിച്ചുകൊണ്ട് തന്നെ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സാധിച്ചാലോ?
ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പക്ഷെ അതിനുവേണ്ടി ഷുഗര്‍ കട്ട് ചെയ്യുക എന്നത് എല്ലാവര്‍ക്കും പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടാന്‍ കഴിയില്ലെന്ന് കരുതി വിഷമിക്കുന്നവരും നിരവധി. എന്നാല്‍ പഞ്ചസാര ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നത് ഫിറ്റ്‌നസിന് നല്ലതല്ല എന്നാണ് തമന്നയുടെ ഫിറ്റ്‌നസ് കോച്ച് സിദ്ധാര്‍ഥ സിങ് പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയും ചെയ്തു.
പഞ്ചസാരയെ ഡയറ്റ് പ്ലാനില്‍ നിന്ന് കട്ട് ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. ദിവസവും ഭക്ഷണത്തില്‍ അല്‍പ്പം പഞ്ചസാരയും ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യകരമായ ഡയറ്റ് പ്ലാന്‍. നിര്‍ബന്ധപൂര്‍വം പഞ്ചസാര ഒഴിവാക്കിയാല്‍ അതിനോടുള്ള ആസക്തി കൂടും. പിന്നീട് ഒരു അവസരം കിട്ടിയാല്‍ കൂടുതലായി മധുരം കഴിക്കാനും അത് കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഡയറ്റ് പ്ലാനിന് സ്ഥിരത വേണമെങ്കില്‍ നിയന്ത്രിതമായ അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തണം.
ഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനുമൊക്കൊ പഞ്ചസാരം പൂര്‍ണ്ണമായി ഒഴിവാക്കുന്നത് അത്ര നല്ലതല്ലെന്ന് പല പഠനങ്ങളും പറയുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. വ്യായാമത്തിന് ശേഷം പഞ്ചസാര ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രോട്ടീനിനൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഗ്ലൈക്കോജന്‍ ശേഖരം സമ്പന്നമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് മൊത്തത്തിലുള്ള ഫിറ്റ്‌നസ് പ്ലാനിന് സഹായകമാവുകയും ചെയ്യും. നിയന്ത്രിതമായ അളവില്‍ ദിവസവും പഞ്ചസാര ഉപയോഗിച്ചാല്‍ അത് നമ്മുടെ ഫിറ്റ്‌നെസ് യാത്രയെ ഒരിക്കലും തടസപ്പെടുത്തില്ല.