ഫിറ്റ്നസിന്‍റെ കാര്യത്തില്‍ അടുത്ത കാലത്തായി മിക്ക ആളുകളും വളരെ ശ്രദ്ധ കാണിക്കാറുണ്ട്. അതിനായി ഭക്ഷണക്രമവും വര്‍ക്കൗട്ടുകളുമൊക്കെ സൂക്ഷ്മമായി പാലിക്കുന്നവരാണ് പലരും. പക്ഷേ അതിനിടയില്‍ കഴിക്കുന്ന മദ്യത്തിന്‍റെ അളവ് പലരും കണക്കിലെടുക്കാറില്ല എന്നതാണ് വാസ്തവം. ഉല്‍സവസീസണ്‍ ആരംഭിക്കുന്നതേയുള്ളു. ഒരു ആഘോഷച്ചടങ്ങിനിടയില്‍ സന്തോഷം പങ്കുവയ്ക്കുന്ന ഏതാനും ഗ്ലാസുകള്‍ ശരീരത്തെ എങ്ങനെയാകും ബാധിക്കുക? അവ കലോറി ഇരട്ടിയാക്കുകയും കൊഴുപ്പ് കത്തിക്കാനുള്ള കഠിനാധ്വാനങ്ങളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്നത് പലപ്പോഴും ആരും അറിയുകപോലുമില്ല. മദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന കലോറിയും, ഓരോ പാനീയവും ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്നും വിശദമാക്കുകയാണ് നടി തമന്ന ഭാട്ടിയയുടെ ഫിറ്റ്നസ് പരിശീലകന്‍ സിദ്ധാര്‍ഥ സിങ്.
ഓരോ ഗ്ലാസിലും ഒളിപ്പിക്കുന്നത് എത്ര കലോറി?
ഓരോ മദ്യപാനവും മിക്ക ആളുകളും മനസ്സിലാക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിലേക്ക് കലോറി കൂട്ടിച്ചേർക്കുമെന്ന് സിദ്ധാര്‍ഥ സിങ് വിശദമാക്കുന്നു. രണ്ട് പൈന്‍റ് ബിയറില്‍ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. 30 മുതൽ 45 മില്ലി വിസ്കി, ഒരു ജിൻ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വോഡ്ക എന്നിവ അകത്തുചെന്നാല്‍ 200–250 കലോറി ഒറ്റയടിക്ക് ശരീരത്തിലെത്തും. ഒരു ഗ്ലാസ് വൈന്‍ കുടിച്ചാലും ഇതേ അളവില്‍ തന്നെ കലോറിയെത്തും. അതായത് മിതമായ മദ്യപാനം പോലും നിങ്ങളുടെ ഒരു ദിവസത്തിലേക്ക് നൂറുകണക്കിന് കലോറികൾ കൂട്ടിചേർക്കും. അതേസമയം കലോറിയുടെ ഉള്ളടക്കം മാത്രമല്ല പ്രധാനമെന്നും സിങ് ചൂണ്ടിക്കാട്ടി.
ഇത് വെറും കലോറിയല്ല
മദ്യപാനത്തിലൂടെ ശരീരത്തില്‍ അമിതമായെത്തുന്ന കലോറികളെ നേരിടാന്‍ ചില പൊടിക്കൈകകളും സിദ്ധാര്‍ഥ സിങ് പറയുന്നുണ്ട്. മദ്യപാനത്തിനിടെ ധാരാളം വെള്ളം കുടിക്കുക. അവയുടെ തോത് വേഗത്തിലാക്കുക. ബിയർ കഴിക്കുകയാണെങ്കിൽ രണ്ട് ബിയറിൽ കൂടരുത്. അതായത് കുടിക്കുന്ന ഓരോ ഗ്ലാസിനും കണക്കുണ്ടാകണമെന്ന് സാരം.