ഭാരം കുറയ്ക്കലോ... അതൊക്കെ ചെറുപ്പക്കാര്‍ക്കല്ലേ, എന്നു പറയാന്‍ വരട്ടെ. അങ്ങനൊന്നുമില്ല. ഏതു പ്രായക്കാര്‍ക്കും ഡയറ്റിങ്ങും വര്‍ക്കൗട്ടും പറ്റും. ചില കരുതലുകള്‍ എടുക്കണമെന്ന് മാത്രം. സംശയമുണ്ടെങ്കില്‍ ബോളിവുഡിന്റെ വെറ്ററന്‍ താരം ബോണി കപൂറിന്റെ ഇന്‍സ്റ്റ പേജിലൊന്നു കയറി നോക്കൂ. കൊതി തോന്നും. 69ാം വയസ്സിൽ താരം കുറച്ചത് 26 കിലോയാണ്. കക്ഷി മുന്‍പത്തേക്കാള്‍ സുന്ദരനായിരിക്കുന്നു, സ്മാര്‍ട്ടും. ‘ഞാന്‍ പുതിയ ലുക്കില്‍’ എന്നൊരു അടിക്കുറിപ്പും.
ഭാരം കുറയ്ക്കാന്‍ ബോണി കപൂര്‍ ചോര നീരാക്കിയുള്ള വര്‍ക്കൗട്ടുകളോ മറ്റോ ചെയ്തിരുന്നില്ല. പകരം ചെയ്തത് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി. പഴങ്ങളും ജ്യൂസുകളും ധാരാളം കഴിച്ചു. ഗോതമ്പിനു പകരം ജോവര്‍ റൊട്ടി ഉപയോഗിച്ചു. പ്രായമായാല്‍ ഡയറ്റിങ് പ്രായോഗികമല്ലെന്ന് പറയുന്നവര്‍ക്കിടെയില്‍ വേറിട്ടു നില്‍ക്കുന്നു ബോണി. പ്രായമാകുമ്പോൾ ശരീരത്തില്‍ മെറ്റബോളിസം മന്ദഗതിയിലാകുന്നു, പേശികള്‍ ദുര്‍ബലമാകുന്നു. ഹോർമോൺ മാറ്റങ്ങൾ കണ്ടു തുടങ്ങും. എന്നാല്‍ ശരിയായ ശീലങ്ങൾ ഉണ്ടെങ്കിൽ പ്രായമായവർക്ക് കൊഴുപ്പ് ഇല്ലാതാക്കി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കും.
എന്നാല്‍ കഠിനമായ വ്യായാമ മുറയോ കടുകട്ടിയായ ഭക്ഷണക്രമമോ പിന്തുടരുതെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പെട്ടെന്നുള്ള കലോറി കുറയ്ക്കൽ, ക്രാഷ് ഡയറ്റുകൾ അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കൽ എന്നിവ വിപരീതഫലമുണ്ടാക്കും. പതുക്കെ ക്ഷമയോടെയുള്ള ഡയറ്റിങ്ങും വ്യായാമമുറയുമാണ് പിന്തുടരേണ്ടത്. വിദഗ്ധരുടെ അഭിപ്രായം തേടാനും മടിക്കരുത്.