Image Credit : Twitter/Instagram/Ai
ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍റെ ഗംഭീര മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. അമിതവണ്ണത്തിന്‍റെ പേരില്‍ ഒട്ടേറെ പരിഹാസങ്ങള്‍ നേരിട്ട താരം 2 മാസം കൊണ്ട് 17 കിലോ കുറച്ചാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് ജിമ്മില്‍ നില്‍ക്കുന്ന സര്‍ഫറാസിന്‍റെ പുത്തന്‍ ചിത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൃത്യമായ വ്യായാമവും ഭക്ഷണശീലവുമാണ് സര്‍ഫറാസിന്‍റെ മേക്കോവറിന് പിന്നിലെന്ന് അദ്ദേഹത്തിന്‍റെ പിതാവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭക്ഷണശീലത്തില്‍ നിന്നും റൊട്ടി, ചോറ് എന്നിവെല്ലാം ഒഴിവാക്കിയെന്നും ഗ്രീന്‍ കോഫി ശീലമാക്കിയെന്നുമുളള പിതാവിന്‍റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. എന്താണ് ഈ ഗ്രീന്‍ കോഫി?
കാപ്പിക്കുരു തന്നെയാണ് ഗ്രീന്‍ കോഫി. വറുക്കാത്ത അസംസ്കൃത രൂപത്തിലുളളവയാണെന്ന് മാത്രം. പച്ച നിറത്തിലുളള ഈ കാപ്പിക്കുരുകള്‍ ഉണക്കി വറുത്ത് പൊടിച്ചെടുക്കാറില്ല. അതായത് സാധാരണ കാപ്പിക്കുരു റോസ്റ്റിങ് എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നത് പോലെ ഇവ വറുത്തെടുക്കില്ല. അതുകൊണ്ടുതന്നെ ഗ്രീന്‍ കോഫിക്ക് തനത് രുചിയും ഗുണവും ഉണ്ടാകില്ല. ഗ്രീൻ കോഫിയിൽ ക്ലോറോജെനിക് ആസിഡ് പോലുള്ള സംയുക്തങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ വലിയ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗ്രീൻ കോഫിയുടെ ചരിത്രം ആരംഭിക്കുന്നത് പുരാതന എത്യോപ്യയിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്. കല്‍ദി എന്നുപേരുളള ആട്ടിടയനാണ് ഗ്രീന്‍ കോഫിയുടെ ഗുണങ്ങള്‍ ആദ്യമായി തിരിച്ചറിഞ്ഞതെന്നും പറയപ്പെടുന്നു. അവിടെ നിന്നും ഗ്രീന്‍ കോഫി യെമനിലുമെത്തി.
പുരാതനകാലത്ത് സൂഫി സന്യാസിമാര്‍ പ്രാര്‍ത്ഥനാവേളകളില്‍ ഉണര്‍ന്നിരിക്കാന്‍ ഒരു ഹെര്‍ബല്‍ ചായയായി ഗ്രീന്‍ കോഫി ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 13ാം നൂറ്റാണ്ടിലാണ് കാപ്പിക്കുരു വറുത്ത് ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് അത്തരം കാപ്പി കൂടുതല്‍ പ്രചാരം നേടി. ആരോഗ്യസംരക്ഷണ മേഖലകളില്‍ മാത്രമായി ഗ്രീന്‍ കോഫി ഒതുങ്ങിപ്പോകുകയും ചെയ്തു. ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ കോഫി ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2021-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഗ്രീൻ കോഫി സത്തിന് രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നിരവധി ബ്രാന്‍ഡുകളില്‍ ഗ്രീന്‍ കോഫി വിപണിയില്‍ ലഭ്യമാണ്. കാപ്പിക്കുരു രൂപത്തിലും പൊടിച്ച് സത്തെടുത്ത രൂപത്തിലും ഇവ ലഭ്യമാണ്.