പീത്‌സ എന്ന് കേൾക്കുമ്പോൾത്തന്നെ ഇറ്റലിയാണ് മനസ്സിലേക്ക് ഓടിയെത്തുക. പുതുതലമുറയുടെ പ്രിയഭക്ഷണം. പച്ചക്കറിയും ഇറച്ചിയും ചീസുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന പീത്‌സ ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിക്കും. ലോകത്തിലെ ഏറ്റവും മികച്ച പീത്‌സേറിയ ഏതാണ്? ഇതിനൊരു അവാര്‍ഡ് കൊടുത്താലോ? അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഞെട്ടേണ്ട. അങ്ങനെയൊരു അവാര്‍ഡുണ്ട്. യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദി ബെസ്റ്റ് പീത്‌സ അവാർഡ്സ്" എന്ന സംഘടനയാണ് 100 മികച്ച പീത്‌സേറിയകളുടെ പട്ടിക പുറത്തിറക്കിയത്. മിലാനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 60 രാജ്യങ്ങളിൽ നിന്നുള്ള 512 വിദഗ്ധർ അടങ്ങുന്ന ഒരു ആഗോള വോട്ടിങ് പാനലാണ് ഈ റാങ്കിങ് തയ്യാറാക്കിയത്.
ഈ വർഷത്തെ ആദ്യ 100ല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് പിസ്സേറിയകള്‍ ഇടംപിടിച്ചു. ഗുരുഗ്രാമിലെ "ദ് സൂസി"യും ഡൽഹിയിലെ "ലിയോസ്" പീത്‌സേറിയയുമാണ് അവ. ഗുരുഗ്രാമിലെ "ദ് സൂസി" 71-ാം സ്ഥാനത്താണ് ഇടം നേടിയത്. സുസന്ന ഡി കോസിമോയുടെ നേതൃത്വത്തിലുള്ള ഈ പീത്‌സേറിയ 2021-ലാണ് സ്ഥാപിതമായത്. നിലവിൽ ഗുരുഗ്രാമിൽ രണ്ട് ശാഖകളുണ്ട്. ഡൽഹിയിലെ "ലിയോസ്" പീത്‌സേറിയ 99-ാം സ്ഥാനത്താണ് ഇടം നേടിയത്. അമോൽ കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് ലിയോസ്.
"ബെസ്റ്റ് പീത്‌സ അവാർഡ്‌സ്" പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച പീത്‌സ ഇറ്റലിയിലെ കാസെർട്ടയിലുള്ള "ഐ മസാനിയെല്ലി" പീത്‌സേറിയയുടേതാണ്. പ്രശസ്ത ഷെഫ് ഫ്രാൻസെസ്കോ മാർട്ടുച്ചിയാണ് ഈ ബഹുമതിക്ക് അർഹനായത്. മികച്ച 10 പീത്‌സ ഷെഫുമാരിൽ ഏഴ് പേരും ഇറ്റലിയിൽ നിന്നുള്ളവരാണ്.