രക്തസമ്മർദവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. രക്തസമ്മർദം ഉയരുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആയാസമുണ്ടാക്കുകയും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാഴ്ചക്കുറവ്, വൃക്കത്തകരാറ് ഉള്‍പ്പെടയുള്ള രോഗങ്ങളിലേക്കും ഉയർന്ന രക്തസമ്മർദം വഴിതെളിക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വഴി രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും.

രക്തസമ്മർദം ഉയരാന്‍ കാരണമായ സോഡിയത്തിന്‍റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യം ഒരു പ്രധാനപങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് പൊട്ടാസ്യം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും ഇതുവഴി രക്തസമ്മർദം കുറയുകയും ചെയ്യും. 

വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടമാണ്. ഒരു വാഴപ്പഴത്തില്‍ ഏതാണ്ട് 350 മുതൽ 400 മില്ലിഗ്രാം വരെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൂടാതെ ഇലക്കറികൾ, മധുരക്കിഴങ്ങ്, അവൊക്കാഡോ, ബീൻസ്, ഓറഞ്ച്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും പൊട്ടാസ്യത്തിന്‍റെ ഉറവിടങ്ങളാണ്. എന്നാല്‍ വാഴപ്പഴം പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളേക്കാള്‍ ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. പോഷകസമ്പുഷ്ടമായ വാഴപ്പഴം മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ്.

പൊട്ടാസ്യം നമ്മുടെ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാന്‍ സഹായകമാണ്. പൊട്ടാസ്യത്തിന്‍റെ ഭക്ഷണത്തിലുള്ള സാന്നിധ്യം വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ടൈപ്പ് 2 പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് പറയുന്നതനുസരിച്ച് ഒരു പുരുഷന് ദിവസം 3,400 മി.ഗ്രാം പൊട്ടാസ്യവും സ്ത്രീയ്ക്ക് 2300 മി.ഗ്രാം പൊട്ടാസ്യവും ആവശ്യമാണ്.  

ENGLISH SUMMARY:

Bananas are an excellent source of potassium, a vital mineral that helps manage high blood pressure. High blood pressure can lead to serious health issues like heart disease, stroke, kidney damage, and vision problems. Potassium counteracts the negative effects of sodium, relaxes blood vessels, and helps lower blood pressure. A single banana contains around 350–400 mg of potassium. Regular intake of potassium-rich foods like bananas, sweet potatoes, avocados, and beans can support bone health, reduce the risk of kidney disease, and help regulate blood sugar levels, especially in those with type 2 diabetes.