എത്രയോ കാലങ്ങളായി മലയാളികൾ ശീലിച്ചുവന്ന ഭക്ഷണമാണ് അരിആഹാരം. ഇതില്‍ തന്നെ 'ചോറ്' ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിൽ ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്തവരാണ് മലയാളികളിൽ ഭൂരിഭാഗവും.
എന്നാല്‍ മലയാളികളുടെ ഈ അരി ആഹാര പ്രിയം കുറയുന്നതായാണ് പഠനങ്ങൾ പറയുന്നത്.കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ അരി ഭക്ഷണം ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു .
2011-12ല്‍ കേരളത്തിലെ ഗ്രാമീണ മേഖലകളിൽ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം. ഇത് 2022-23ല്‍ 5.82 കിലോഗ്രാം ആയി കുറഞ്ഞിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യത്തിൽ 50 ശതമാനത്തോളം കുറവുണ്ടായെന്ന് അരി മിൽ വ്യവസായ മേഖലയിലുള്ളവരും പറയുന്നു.
മലയാളികളുടെ മാറ്റത്തിന് കാരണം
മനസില്ലാ മനസോടെയാണെങ്കിലും മലയാളികൾ അരി ആഹാരം കുറയ്ക്കാൻ ഒറ്റ കാരണമേ ഉളളൂ.ആരോഗ്യ സംരക്ഷണം. പതിവുകള്‍ക്കൊക്കെ മുകളില്‍ 'ഫിറ്റ്‌നസ്' എന്ന വെല്ലുവിളി ഉയരുകയാണ് .ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി.അരി ഭക്ഷണം, ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് ശരീരത്തിൽ വർധിപ്പിക്കുകയും, ഇത് അമിതവണ്ണത്തിന് കാരണമാവുകയും അത് വഴി ജീവിത ശൈലി രോഗങ്ങളുടെ പിടിയിലാവുകയും ചെയ്യുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
അരിയുടെ ഘടന
അരിയെന്നാൽ കാർബോഹൈഡ്രേറ്റ്. ഒപ്പം മഗ്നീഷ്യം, വിറ്റാമിൻ ബി6, നിയാസിൻ തുടങ്ങിയ അവശ്യ പോഷകങ്ങളും അരിയിലുണ്ട്
ഒരു കപ്പ് ചോറിൽ :
കാലറി : 206
കാർബോഹൈഡ്രേറ്റ്സ് : 45 ഗ്രാം
പ്രോട്ടീൻ : 4.3 ഗ്രാം
കൊഴുപ്പ് : 0.4 ഗ്രാം
ഫൈബർ : 0.6 ഗ്രാം
മലയാളിയും ജങ്ക് ഫുഡും
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയർ അത്ര ഹെൽത്തി ആയോ എന്ന് ചോദിച്ചാൽ ഇല്ല.അരി ഒഴിവാക്കിയവരിൽ ഭൂരിഭാഗവും വയറു നിറയ്ക്കുന്നത് അനാരോഗ്യകരമായ ഭക്ഷണം കൊണ്ടാണ്.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ലഘു പലഹാരങ്ങളും ചോറിനേക്കാൾ വില്ലന്മാരാണ്.
കേരളവും അമിത വണ്ണവും
കേരളത്തിൽ പൊണ്ണത്തടി ആശങ്കാജനകമായ തോതിൽ വർധിക്കുന്നതായാണ് കണക്കുകൾ. 20 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനത്തിലധികം പേരും അമിത വണ്ണമുള്ളവരാണ്. ശരീരത്തിലെ അമിത കൊഴുപ്പ് മൂലം കാൻസർ സാധ്യത വരെ വർധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
അതിനാൽ നമ്മുടെ ശരീരത്തിന് അകെ ലഭിക്കുന്ന കലോറിയിൽ 45 ശതമാനത്തിൽ കൂടുതൽ കലോറി അരിയും ഗോതമ്പും ഉളപ്പടെയുള്ള ധാന്യങ്ങളിൽ നിന്ന് അവരുതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഭക്ഷണ മാർഗനിർദേശങ്ങളിൽ പറയുന്നത്.