AI Generated Images
പാചകത്തിനായി നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക എല്ലാവരും തന്നെ. എന്നാല്‍ ഇത്തരം പാത്രങ്ങളുടെ തെറ്റായ രീതിയിലുളള ഉപയോഗം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. കോട്ടിങ് പോയ നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ വീണ്ടും വീണ്ടുമുളള ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ തന്നെ അവതാളത്തിലാക്കും. നോൺസ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന ഒരു പോറൽ പോലും, വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ടെഫ്ലോൺ കോട്ടിങ്ങിൽ ഉണ്ടാകുന്ന ഒരു പോറല്‍ 9,000 ത്തിലധികം സൂക്ഷ്മ, നാനോകണങ്ങൾ പുറത്തു വിടുമെന്നാണ് പഠനം പറയുന്നത്. ഗ്ലോബൽ സെന്റർ ഫോർ എൻവയോൺമെന്റൽ റെമഡിയേഷനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ ഉളളത്.
നോൺസ്റ്റിക്ക് പാത്രങ്ങൾ 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാകുമ്പോൾ അവയുടെ കോട്ടിംഗില്‍ നിന്നും വിഷപ്പുക പുറത്തുവരും. ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ചിലതരം അർബുദങ്ങൾ, തൈറോയ്ഡ് തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്കും കലരാനും സാധ്യത ഏറെയാണ്. നോൺ സ്റ്റിക്ക് പാത്രങ്ങളിൽ പാകം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെറാമിക്, കളിമണ്ണ്, കാസ്റ്റ് ഇരുമ്പ് തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാത്രങ്ങളാണ് പാചകത്തിന് നല്ലതെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന സമയത്തിനുള്ളിൽ, നോണ്‍സ്റ്റിക്ക് പാനിന്‍റെ വിള്ളലില്‍ നിന്ന് ഏകദേശം 2.3 ദശലക്ഷം വരെ മൈക്രോപ്ലാസ്റ്റിക്സും നാനോപ്ലാസ്റ്റിക്സും പുറത്തുവരുമെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഗവേഷണ സംഘത്തിന്‍റെ പഠനത്തില്‍ പറയുന്നു. പെർഫ്ലൂറോഒക്റ്റാനോയിക് ആസിഡ് (PFOA) എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങളുടെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍ക്കും വൃഷണ കാൻസറിനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. പോളിഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ (PFAS) ഉപയോഗിച്ചുളള പാത്രങ്ങളുടെ ഉപയോഗവും കരൾ രോഗം , വിട്ടുമാറാത്ത വൃക്കരോഗം, ഉയർന്ന രക്തസമ്മർദ്ദം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
നോണ്‍സ്റ്റിക്ക് പാനില്‍ കാണുന്ന ചെറിയ പോറലുകളെ പോലും അവഗണിക്കരുത്. ഉടന്‍ തന്നെ അവയുടെ ഉപയോഗം നിര്‍ത്തുക. ചിലപ്പോള്‍ പാത്രങ്ങളില്‍ പോറലുകള്‍ കണ്ടെന്നു വരില്ല. എന്നിരുന്നാലും ഓരോ അഞ്ച് വർഷത്തിലും നോൺസ്റ്റിക്ക് പാനുകൾ മാറ്റണം. അമിതമായ ചൂടില്‍ ഉപയോഗിക്കാന്‍ പറ്റുന്നവയല്ല നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍. കുറേ നേരം അടുപ്പത്ത് വയ്ക്കുമ്പോള്‍ ഇതിന്‍റെ കോട്ടിംഗ് ഇളകിപ്പോകാം. അതിനാല്‍ ചെറിയ പോറലുകളെ പോലും അവഗണിക്കാതെ കൃത്യസമയത്ത് നോണ്‍സ്റ്റിക്ക് പാനുകളുടെ ഉപയോഗം നിര്‍ത്തുക.