hazard-test-04
  • പണ്ടത്തെപ്പോലെ റോഡ് സൈനുകളും അടയാളങ്ങളും മാത്രം പഠിച്ച് ലൈസന്‍സ് സ്വന്തമാക്കാമെന്ന ധാരണ ഇനി വേണ്ട. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു വീഡിയോ ഗെയിം കളിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും ഈ ടെസ്റ്റ്.

ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുക ഇനി അല്‍പ്പംകൂടി കടുപ്പമാകും. റോഡിലെ അപകടങ്ങള്‍ നിരന്തരം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഡ്രൈവിങ് ടെസ്റ്റിനൊപ്പം പുതിയൊരു കടമ്പകൂടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നു. അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ശേഷി പരിശോധിക്കുന്ന 'ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്' വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.

വീഡിയോ ഗെയിം മാതൃകയിലുള്ള പരീക്ഷ: പണ്ടത്തെപ്പോലെ റോഡ് സൈനുകളും അടയാളങ്ങളും മാത്രം പഠിച്ച് ലൈസന്‍സ് സ്വന്തമാക്കാമെന്ന ധാരണ ഇനി വേണ്ട. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു വീഡിയോ ഗെയിം കളിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും ഈ ടെസ്റ്റ്. ഉദ്യോഗാര്‍ത്ഥി ഡ്രൈവര്‍ സീറ്റിലിരുന്ന് വാഹനം ഓടിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. Also Read: പൂട്ടും പൊളിക്കാതെ ഓപ്പറേഷന്‍ ടൊബാക്കൊ; കള്ളന്‍ പൊലീസിന്‍റെ പുകയില മോഷണം വന്‍ പ്ലാനിങ്ങില്‍


ഈ യാത്രാവേളയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടസാധ്യതകള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് വഴിയോ ബ്രേക്ക് പെ‍ഡല്‍ വഴിയോ ഉദ്യോഗാര്‍ഥി പ്രതികരിക്കണം. പെട്ടെന്ന് മുന്നിലേക്ക് ചാടുന്ന കാല്‍നടയാത്രക്കാര്‍, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്ന കുട്ടികള്‍, പെട്ടെന്ന് ബ്രേക്കിടുന്ന വാഹനങ്ങള്‍, വളവുകളില്‍ നിന്നു പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മറ്റ് വാഹനങ്ങള്‍ എന്നിവയൊക്കെ ഈ വീഡിയോയിലുണ്ടാകും. അപകടം സംഭവിക്കുന്നതിന് കൃത്യം എത്ര സെക്കന്‍ഡ് മുന്‍പ് ഉദ്യോഗാര്‍ത്ഥി സാഹചര്യം മനസിലാക്കി പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മാര്‍ക്ക് നല്‍കുക.

കേരളത്തിലെ റോഡുകളില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളും ജീവനഷ്ടങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പിനെ എത്തിച്ചത്. ലൈസന്‍സ് ലഭിക്കുന്ന പല ഡ്രൈവര്‍മാര്‍ക്കും പെട്ടെന്ന് ഒരു അപകടസന്ധി ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോകുന്ന അവസ്ഥയുണ്ട്. അപകടം വരുത്തിയശേഷമുള്ള പ്രതികരണമല്ല, മറിച്ച് അപകടം വരാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ മാനസികമായ തയ്യാറെടുപ്പും സാമാന്യബുദ്ധിയുമാണ് ഹസാര്‍ഡ് ടെസ്റ്റിലൂടെ പരിശോധിക്കപ്പെടുന്നത്.

ഡിസംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ ഓഫീസുകളിലും ഈ ഹൈടെക് പരിശോധന നിര്‍ബന്ധമാക്കാനാണ് വകുപ്പിന്റെ തീരുമാനം. തുടക്കത്തില്‍ സാങ്കേതിക തടസ്സങ്ങളോ ആശങ്കകളോ ഉണ്ടാകാമെങ്കിലും, മികച്ച ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഈ ഡിജിറ്റല്‍ മാറ്റം ഏറെ സഹായിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. 

ENGLISH SUMMARY:

Getting a driving licence will now become slightly more difficult. Against the backdrop of rising road accidents, the state government is introducing another hurdle along with the driving test. Transport Commissioner C.H. Nagaraju announced that the Hazard Perception Test, which assesses a person’s ability to identify potential dangers in advance, will be implemented from December 1.