മഴക്കെടുതികള്‍ക്കൊപ്പം  റോഡപകടങ്ങളും കൂടുന്നു. നിയന്ത്രണം വിട്ട്  വാഹനം റോഡില്‍ നിന്ന് തെന്നിമാറുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. ജലപാളി പ്രവര്‍ത്തനം എന്ന് അറിയപ്പെടുന്ന  അപകടത്തില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കാം. 

ജലപാളി പ്രവര്‍ത്തനം അഥവാ ഹൈഡ്രോ പ്ലാനിംങ്:   മഴക്കാലത്ത് അതി മിടുക്കന്‍മാരായ ഡ്രൈവര്‍മാരുടെ പോലും നിയന്ത്രണം നഷ്ടപ്പെടുത്തുന്ന റോഡിലെ വില്ലനാണ് ജലപാളി പ്രവര്‍ത്തനം. വെള്ളം കെട്ടിക്കിടക്കുകയോ നനഞ്ഞ് കിടക്കുകയോ ചെയ്യുന്ന റോഡിലൂടെ വണ്ടി പോകുമ്പോള്‍ റോഡിനും ടയറിനുമിടയില്‍ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടാറുണ്ട്. ഈ ജലപാളി ടയറിനിടയിലുള്ള സ്ഥലത്തൂടെ പുറത്തേക്ക് തള്ളിയാണ് വാഹനം മുന്നോട്ട് പോകുന്നത്. പക്ഷെ സ്പീഡ് കൂടുമ്പോള്‍ ഇങ്ങിനെ വെള്ളം പുറത്തേക്ക് തള്ളാനാകാതെ വരും. അതോടെ ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമാകുന്നതാണ് ജലപാളി പ്രവര്‍ത്തനത്തിന് കാരണം. 

വെള്ളം കെട്ടിക്കുടക്കുന്ന റോഡുകള്‍, റോഡിന്‍റെ ഒരു വശത്ത് മാത്രം വെള്ളമുള്ള സ്ഥലം, ചെറിയ തോതിലെങ്കിലും വെള്ളമൊഴുക്കുള്ള ഹൈവേകളിലൊക്കയാണ് ഈ അപകടം സംഭവിക്കാന്‍ സാധ്യതയുള്ളത്. ഈ അപകടം ഒഴിവാക്കാന്‍ നമ്മള്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം വേഗം കുറയ്ക്കുക എന്നത് മാത്രമാണ്.

നിയന്ത്രണം നഷ്ടമായാല്‍!  ആക്സിലേറ്ററില്‍ നിന്ന് കാല്‍ പൂര്‍ണമായും മാറ്റി വേഗം കുറയ്ക്കണം. വേഗം കുറയ്ക്കാനായി സഡന്‍ ബ്രേക്ക് ചെയ്യരുത്. സ്റ്റീയറിങ് വെട്ടിത്തിരിക്കാനും ശ്രമിക്കരുത്. ഇതിനൊക്കെയൊപ്പം വണ്ടിയുടെ ടയര്‍ കണ്ടീഷനാണ്, അല്ലങ്കില്‍ മൊട്ടയല്ല എന്ന് ഉറപ്പാക്കണം.

ENGLISH SUMMARY:

Hydroplaning is a dangerous phenomenon that occurs when driving on wet roads during monsoons, leading to loss of control and accidents. This guide from Malayala Manorama Online News explains how to identify and avoid hydroplaning to ensure road safety.